m-k-stalin

ചെന്നൈ: 2021 മെയ് ഏഴിന് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി അധികാരത്തിലേറി ഒരു വർഷം തികയാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മുത്തുവേൽ കരുണാനിധി സ്റ്റാലിൻ എന്ന എം കെ സ്റ്റാലിൻ എത്തിനിൽക്കുന്നത് ജനപ്രിയനായ നേതാവ് എന്ന ലേബലിലാണ്. 'അണ്ണാവുടെ പുള്ളൈ' എന്ന വിശേഷണത്തിൽ നിന്നും തമിഴ് ജനങ്ങളുടെ ഏറ്റവും പ്രിയങ്കരനായ മുഖ്യമന്ത്രിയായി ഉയർന്നതിന് പിന്നിൽ അദ്ദേഹത്തിന്റെ നേതൃപാടവവും ശക്തമായ നിലപാടുകളുമാണ്. ഇപ്പോഴിതാ ദേശീയ രാഷ്ട്രീയത്തിൽ വേരുകൾ ശക്തമാക്കാനും അഖിലേന്ത്യാ തലത്തിൽ ബി ജെ പിയ്ക്ക് എതിരെ മുന്നണി രൂപീകരിക്കാനുമുള്ള ഭാഗമായി രാജ്യതലസ്ഥാനത്ത് ഡി എം കെയുടെ ഓഫീസ് നാളെ മുഖ്യമന്ത്രി സ്റ്റാലിൻ ഉദ്‌ഘാടനം ചെയ്യുകയാണ്.


ദേശീയ രാഷ്ട്രീയത്തിന്റെ അവിഭാജ്യഘടകമാണ് ഡി എം കെ എന്നതിന്റെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ഡൽഹിയിൽ ഓഫീസ് തുറക്കുന്നതെന്ന് പാർട്ടി പ്രവർത്തകർക്കയച്ച കത്തിൽ സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ചിൽ നാല് സംസ്ഥാനങ്ങളിലും കാവി പുതപ്പിച്ച് ബി ജെ പി കരുത്തു തെളിയിച്ചിരുന്നു. ദേശീയ തലത്തിൽ ബി ജെ പിയ്ക്ക് ബദൽ ഉണ്ടാക്കുകയെന്നതാണ് ഡൽഹിയിൽ ഓഫീസ് തുറക്കുന്നതിലൂടെ സ്റ്റാലിൻ ലക്ഷ്യമിടുന്നത്.

ജനക്ഷേമ പ്രവർത്തനങ്ങളിലൂടെയും ജാതി വേർതിരിവുകൾക്കും അധിക്ഷേപങ്ങൾക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ചും എം കെ സ്റ്റാലിൻ തമിഴ്‌ ജനങ്ങളുടെ ഹൃദയങ്ങളിൽ വളരെ വേഗം ഇടം നേടിയെന്ന് മാത്രമല്ല രാജ്യശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. ശക്തനായ നേതാവെന്ന് കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ സ്റ്റാലിൻ തെളിയിച്ചു കഴിഞ്ഞു. അതുകൊണ്ടുതന്നെ സ്റ്റാലിൻ ബി ജെ പിയ്ക്ക് ശക്തനായ എതിരാളിയാകുമെന്നതിൽ സംശയമില്ല.

ഡൽഹിയിലെ ഓഫീസ് ഉദ്‌ഘാടന ചടങ്ങിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി എന്നിവരും പങ്കെടുക്കുമെന്ന് സ്റ്റാനിൻ അറിയിച്ചിരുന്നു. ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും സോണിയാ ഗാന്ധിയുമായും തൃണമൂൽ നേതാവ് മഹുവ മൊയ‌്‌ത്രയുമായും സ്റ്റാലിൻ കൂടിക്കാഴ്ച നടത്തി.

ബി ജെ പിക്കെതിരെ പ്രതിപക്ഷ നിരയെ അണിനിരത്താൻ സ്റ്റാലിൻ തന്റെ ആത്മകഥാ പ്രകാശനത്തിലൂടെയും ശ്രമിച്ചിരുന്നു. സ്റ്റാലിന്റെ അത്മകഥയായ ഉങ്കളിൽ ഒരുവന്റെ പ്രകാശന ചടങ്ങ് ബി ജെ പിക്കെതിരെ ദേശീയ തലത്തിൽ രൂപപ്പെടുന്ന പ്രതിപക്ഷത്തിന്റെ സംഗമവേദി കൂടിയായിരുന്നു. പുസ്തകത്തിന്റെ ആദ്യഭാഗം രാഹുൽ ഗാന്ധിയായിരുന്നു പ്രകാശനം ചെയ്തത്. തമിഴ്‌നാടിനുമേൽ ആർക്കും ഒന്നും അടിച്ചേൽപ്പിക്കാനാകില്ലെന്നും സംസ്ഥാനത്തിന്റെ പാരമ്പര്യവും ചരിത്രവും പ്രധാനമന്ത്രി മോദിക്ക് മനസിലായിട്ടില്ലെന്നും ചടങ്ങിൽ രാഹുൽ വിമർശിച്ചിരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ, നാഷണൽ കോൺഫറൻസ് നേതാവും ജമ്മു കാശ്‌മീർ മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്‌ദുല്ല, ആർ ജെ ഡി നേതാവ് തേജ്വസി യാദവ് എന്നിവരായിരുന്നു ചടങ്ങിൽ പങ്കെടുത്ത മറ്റ് നേതാക്കൾ.

രാജ്യതലസ്ഥാനത്ത് ദക്ഷിണേന്ത്യയുടെ ചരിത്രം ഉയർത്തിപ്പിടിക്കുന്ന ചടങ്ങായിരിക്കും ഡി എം കെയുടെ ഓഫീസ് ഉദ്‌ഘാടനമെന്ന് സ്റ്റാലിൻ പറഞ്ഞു. ദ്രാവിഡ ഭരണമാതൃക രാജ്യത്തുടനീളം വ്യാപിപ്പിക്കുന്നതിന്റെ തുടക്കം കൂടിയാകും ചടങ്ങ്. സാമൂഹിക നീതിയെന്ന ആശയത്തെ അടിസ്ഥാനമാക്കി രൂപീകരിക്കുന്ന ദേശീയ ഫെഡറേഷനിൽ ചേരണമെന്ന് അഭ്യർത്ഥിച്ച് രാജ്യത്തെ 37 കക്ഷി നേതാക്കൾക്ക് സ്റ്റാലിൻ കത്തയക്കുകയും ചെയ്തിരുന്നു. പടിപടിയായി ബി ജെ പിക്കെതിരെ ശക്തിയാർജിക്കുക എന്നതാണ് സ്റ്റാലിൻ ലക്ഷ്യം വയ്ക്കുന്നത്. ഇതിനായി പ്രതിപക്ഷ നിരയെ ഫലവത്തായി ഉപയോഗിക്കുക എന്ന തന്ത്രമാണ് സ്റ്റാലിന്റെ ഓരോ ചടങ്ങിലും പ്രതിഫലിക്കുന്നത്.