sanju

മുംബയ്: നാളെ നടക്കാനിരിക്കുന്ന ഐപിഎല്ലിലെ മുംബയ് ഇന്ത്യൻസ്-രാജസ്ഥാൻ റോയൽസ് പോരാട്ടത്തിന് മുന്നോടിയായി മലയാളത്തിൽ പോസ്‌റ്റുമായി മുംബയ് ഇന്ത്യൻസ്. 'കേരളത്തിലെ പിള്ളേർ ആറാടുകയാണ്' എന്നാണ് ഔദ്യോഗിക പേജിലൂടെ തങ്ങൾക്കുവേണ്ടി കളത്തിലിറങ്ങുന്ന പേസർ ബേസിൽ തമ്പിയുടെയും രാജസ്ഥാൻ നായകൻ സഞ്ജു സാംസണിന്റെയും ചിത്രം പങ്കുവച്ച് മുംബയ് കുറിച്ചിരിക്കുന്നത്.

കേരള ടീമിൽ ഒന്നിച്ച് കളിച്ചിട്ടുള‌ള ഇരുവരും നാളെ നേർക്കുനേർ വരുന്നതിനെ സൂചിപ്പിച്ചാണ് പോസ്‌റ്റ്. മുംബയ് നായകൻ രോഹിത്ത് ശർമ്മയ്‌ക്കൊപ്പവും കീപ്പർ ഇശാൻ കിഷനൊപ്പവും സഞ്ജു നിൽക്കുന്ന ചിത്രങ്ങളും മുംബയ് പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്.

ചിത്രങ്ങൾ ലോകമാകെയുള‌ള മലയാളികൾ ഏറ്റെടുത്തുകഴിഞ്ഞു. മമ്മൂട്ടിയുടെ 'ഭീഷ്‌മപർവം' ചിത്രത്തിലെ ഡയലോഗ് കടമെടുത്ത് മുംബയ്‌ക്കാരാ ജാവോന്ന് പറയണം എന്നും ചാമ്പിക്കോ എന്നും അവർ കമന്റ് ചെയ്‌തു. അഡ്‌മിൻ ന്യൂലി അപ്പോയിന്റഡാണോ എന്നും ചിലർ ചോദിക്കുന്നുണ്ട്.

ആദ്യ മത്സരത്തിൽ സൺ റൈസേഴ്‌സ് ഹൈദരാബാദിനെ 61 റൺസിന് പരാജയപ്പെടുത്തിയ രാജസ്ഥാൻ നിലവിൽ പട്ടികയിൽ ആദ്യമാണ്. മത്സരത്തിൽ 27 പന്തിൽ 55 റൺസെടുത്ത സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിംഗ് അവർക്ക് തുണയായി. ക്യാപ്‌റ്റൻസിയിലും മികച്ച പ്രകടനം തന്നെയാണ് സഞ്ജു പുറത്തെടുത്തത്. അതേസമയം മുംബയ് അവരുടെ ആദ്യ കളിയിൽ പരാജയപ്പെട്ടിരുന്നു. നാല് വിക്കറ്റിനാണ് മുംബയെ ഡൽഹി ക്യാപിറ്റൽസ് പരാജയപ്പെടുത്തിയത്. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ആദ്യ മത്സരത്തിൽ ബേസിൽ തമ്പി ഡൽഹിയുടെ മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തിയിരുന്നു.