
കൊച്ചി: സിനിമാരംഗത്തെ സ്ത്രീസുരക്ഷ സംബന്ധിച്ച് നിയമനിർമ്മാണം സർക്കാർ തലത്തിൽ നടക്കുന്നുവെന്ന വാർത്ത വളരെ ആശ്വാസകരമാണെന്ന് എൻ എസ് മാധവൻ. കൊച്ചിയിൽ നടക്കുന്ന റീജിയണൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകസിനിമയിൽ പോലും ആദ്യമായിട്ടാണ് ഇത്തരമൊരു നിയമനിർമ്മാണം നടക്കാൻ പോകുന്നത്. മന്ത്രി സജി ചെറിയാന്റെ വാക്കുകൾ കേട്ടപ്പോൾ വളരെ ആശ്വാസം തോന്നി. ഈ വേദിയിൽ പോലും രണ്ട് സ്ത്രീകൾ ഒഴിച്ച് ബാക്കിയെല്ലാം പുരുഷന്മാരാണ്. കൂടുതൽ സ്ത്രീ സാന്നിദ്ധ്യം വേദിയിലും സദസിലും ഉണ്ടാകണം. എന്നാൽ മാത്രമേ വാക്കുകളിലൂടെ നമ്മൾ പറയുന്നത് പ്രാവർത്തികമാകൂവെന്ന അദ്ദേഹത്തിന്റെ വാക്കുകളെ നിറഞ്ഞ കരഘോഷത്തോടെയാണ് സദസ് ഏറ്റുവാങ്ങിയത്.
'മലയാള സിനിമ മാറിമറിഞ്ഞത് കൊച്ചിയിലും എറണാകുളത്തും വച്ചാണ്. ആദ്യമായിട്ട് കേരളത്തിന്റെ തുടിപ്പ് സിനിമാരംഗത്ത് കൊണ്ടുവന്നത് കൊച്ചിക്കാരനായ പരീക്കുട്ടിയായിരുന്നു. നീലക്കുയിലിലൂടെ അദ്ദേഹമാണ് ആധുനിക മലയാള സിനിമയ്‌ക്ക് തുടക്കമായത്. എന്റെ ഔദ്യോഗിക ജീവിതത്തിൽ പല ഫെസ്റ്റിവലുകളിലും സംഘടിപ്പിച്ചിട്ടുണ്ട്.
അതിൽ നിന്നെല്ലാം പഠിച്ച പാഠം സിനിമയ്‌ക്കും കാണികൾക്കും ഇടയിൽ പ്രസംഗം ഒഴിവാക്കുക എന്നതാണ്. സിനിമ കാണാൻ അക്ഷമരായി കാത്തിരിക്കുന്നവർക്ക് മുന്നിൽ സിനിമ ഏറ്റവും പെട്ടെന്ന് എത്തിക്കുകയാണ് വേണ്ടത്. സാധാരണ കൂവലാണ് പതിവ്. ഇവിടെ അത് സംഭവിക്കാത്തത് മോഹൻലാൽ ഉണ്ടായിരുന്നതുകൊണ്ടായിരിക്കാം.
പണ്ട് എല്ലാ ആഴ്‌ചയും നല്ല സിനിമകൾ കണ്ടിരുന്ന മലയാളിക്ക് ഇന്ന് ഇത്തരം ഫെസ്റ്റിവലുകളെ ആശ്രയിക്കേണ്ടി വരികയാണ്. അതിന് മുഖ്യധാരാ തീയേറ്റുകൾ തന്നെ മുൻകൈയെടുക്കണമെന്നാണ് ചരിത്രപരമായ അനുഭവം നമ്മെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രാദേശിക പതിപ്പാണ് കൊച്ചിയിൽ നടക്കുന്നത്. അഞ്ച് ദിവസം നീളുന്ന ഈ ചലച്ചിത്രമേളയിൽ ഐഐഎഫ്‌കെയിൽ പ്രദർശിപ്പിച്ച 68 സിനിമകൾ പ്രദർശിപ്പിക്കുന്നുണ്ട്.