
ന്യൂഡൽഹി: രാജ്യമെമ്പാടുമുളള സ്‌കൂൾ വിദ്യാർത്ഥികൾക്ക് വർഷാവസാന പരീക്ഷയ്‌ക്ക് ആത്മവിശ്വാസമേകി പ്രധാനമന്ത്രി. ഒൻപത് മുതൽ 12 വരെയുളള കുട്ടികളെയും അവരുടെ അദ്ധ്യാപകരെയും രക്ഷാകർത്താക്കളെയും പങ്കെടുപ്പിച്ച് നടന്ന 'പരീക്ഷാ പേ ചർച്ച' എന്ന പ്രധാനമന്ത്രിയുടെ ആശയവിനിമയ പരിപാടിയിലാണ് കുട്ടികൾക്ക് പ്രധാനമന്ത്രി ഊർജമേകിയത്.
പ്രധാനമന്ത്രിയുടെ വാർഷിക ചർച്ചാ പരിപാടിയുടെ അഞ്ചാം ലക്കമാണ് ഇന്ന് നടക്കുന്നത്. ഡൽഹി താൽക്കത്തോറ സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പരീക്ഷയെ ഉത്സവമാക്കണമെന്ന് കുട്ടികളോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തു. പരീക്ഷയുമായി ബന്ധപ്പെട്ട തങ്ങളുടെ ആശങ്കകൾ കുട്ടികൾ പ്രധാനമന്ത്രിയോട് ചോദിച്ചു. സരസവും അർത്ഥവത്തായതുമായ രീതിയിലാണ് പ്രധാനമന്ത്രി മറുപടി നൽകിയത്. പരീക്ഷ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. പൂർണ ആത്മവിശ്വാസത്തോടെ വേണം അതിനെ അഭിമുഖീകരിക്കാനെന്ന് മോദി പറഞ്ഞു.
പഠനത്തിനിടയിൽ കുട്ടികൾ മൊബൈലിൽ റീൽസ് ചെക്ക് ചെയ്യാനായി പോകാറുണ്ടോ എന്ന് കുസൃതി ചോദ്യം പ്രധാനമന്ത്രി ചോദിച്ചു. ഓൺലൈൻ ടൂളുകളിലൂടെ മനസിനെ അച്ചടക്കമുളളതാക്കണം. ഓൺലൈനായാലും ഓഫ് ലൈനായാലും മനസാണ് പ്രധാനമായും പഠനത്തിന് വേണ്ടതെന്ന് പ്രധാനമന്ത്രി കുട്ടികളോട് പറഞ്ഞു. മനസ് അർപ്പിക്കണം. പരീക്ഷയിൽ കുട്ടികളെക്കാൾ ടെൻഷൻ മാതാപിതാക്കൾക്കും അദ്ധ്യാപകർക്കുമുണ്ടെന്നും പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. തങ്ങളുടെ അമിത പ്രതീക്ഷകളും നടക്കാതെപോയ സ്വപ്‌നങ്ങളുമൊന്നും കുട്ടികളുടെ പുറത്ത് കെട്ടിവയ്‌ക്കരുതെന്ന് രക്ഷകർത്താക്കളെ പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ഓരോ കുട്ടിയും ഓരോ സവിശേഷ വ്യക്തിത്വമുളളവരാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കഴിഞ്ഞ കുറച്ച് വർഷം നീണ്ട കഠിന പ്രയത്നത്തിനൊടുവിൽ ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചിട്ടുണ്ട്. ഇതിലൂടെ താൽപര്യത്തിനനുസരിച്ച് പുതിയ പഠനമേഖലകൾ തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾക്ക് കഴിയും. പഠനത്തോടൊപ്പം കായിക ഇനങ്ങളും പ്രധാനമാണ്. ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് കായികയിനങ്ങളെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.