intuc

കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നടത്തിയ പ്രസ്‌താവനയ്‌ക്കെതിരെ ഐഎൻ‌ടിയുസിയിൽ വലിയ പ്രതിഷേധം. 18 ലക്ഷം തൊഴിലാളികൾ കേരളത്തിൽ സംഘടനയിലുണ്ട്. തിരഞ്ഞെടുപ്പ് വന്നാൽ പോസ്‌റ്റർ ഒട്ടിക്കാനും കൊടിപിടിക്കാനും ഒറ്റ നേതാക്കളെ കാണില്ല, ഐഎൻ‌ടിയുസിക്കാരേ ഉള‌ളു. പ്രതിപക്ഷ നേതാവ് പ്രസ്‌താവന പിൻവലിക്കും വരെ പ്രതിഷേധിക്കുമെന്ന് ചങ്ങനാശേരിയിൽ യൂണിയൻ നേതാക്കൾ അറിയിച്ചു.

പണിമുടക്ക് ഹർത്താലിന് സമമായി മാറിയതിലെ തന്റെ എതിർപ്പാണ് പ്രതിപക്ഷ നേതാവ് പ്രകടിപ്പിച്ചത്. ഐഎൻ‌ടിയുസി കോൺഗ്രസ് പോഷക സംഘടനയല്ലെന്നും കോൺഗ്രസ് പറയുന്നത് സംഘടന കേൾക്കണമെന്ന് നിർബന്ധമില്ലെന്നുമാണ് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടത്. ജനാവകാശം ചോദ്യം ചെയ്യുന്നത് ആരായാലും അംഗീകരിക്കില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് സമരങ്ങളോടുള‌ള വിയോജിപ്പ് ഐഎൻ‌ടിയുസിയെ അറിയിക്കും എന്ന് പ്രതികരിച്ചു.

പ്രതിപക്ഷ നേതാവിനെതിരെ പ്രതികരിച്ചെങ്കിലും ആരും കോൺഗ്രസ് വിട്ട്പോകില്ലെന്നും തങ്ങളും കോൺഗ്രസ് രക്തമാണെന്നും തങ്ങളുടെ വോട്ട് വേണ്ടെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം പറയട്ടെയെന്നുമാണ് സംഘടനാ നേതാക്കൾ പറയുന്നത്. അതേസമയം ചങ്ങനാശേരിയിലെ സംഘടനാ പ്രതിഷേധം ഐഎൻ‌ടിയുസി സംസ്ഥാന അദ്ധ്യക്ഷൻ ആർ.ചന്ദ്രശേഖരൻ തള‌ളി. ഇത്തരത്തിൽ ഒരിടത്തും പ്രതിഷേധം പാടില്ലെന്ന് ജില്ലാ അദ്ധ്യക്ഷന്മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.