
തന്റെ പുതിയ ചിത്രത്തിനായുള്ള തിരക്കഥ പൂർത്തിയാക്കി നടൻ ജോയ് മാത്യു . കൊവിഡ് വ്യാപന സമയത്ത് അദ്ദേഹം എഴുതി തുടങ്ങിയ രണ്ട് തിരക്കഥകളിൽ ഒന്നാണ് പൂർത്തീകരിച്ചത്. മലയാളത്തിലെ പ്രമുഖ യുവ നടൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ മറ്റ് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. മലയാള ചലച്ചിത്ര മേഖലയിലെ പരിചയ സമ്പന്നനായ സംവിധായകൻ കൂടിയാണ് ജോയ് മാത്യു. മലയാള സിനിമയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ പോകുന്ന കഥയാണ് തിരക്കഥയാക്കിയിരിക്കുന്നതെന്നാണ് ജോയ് മാത്യു പറയുന്നത്.
1996 ൽ ദിലീപ് കേന്ദ്ര കഥാപാത്രം അവതരിപ്പിച്ച് കരീം സംവീധാനം ചെയ്ത സാമൂഹ്യപാഠം, 2018 ൽ മമ്മൂട്ടി കേന്ദ്ര കഥാപാത്രം അവതരിപ്പിച്ച് ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത അങ്കിൾ എന്നീ സിനിമകൾക്ക് തിരക്കഥയും, 2012 ൽ ശ്രീനിവാസൻ, ലാൽ (സിദ്ധീഖ് - ലാൽ )എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് ജോയ് മാത്യു തിരക്കഥ എഴുതി സംവിധാനം ചെയ്ത ഷട്ടർ എന്നീ സിനിമകൾക്ക് ശേഷം അദ്ദേഹം ഒരുക്കുന്ന തിരക്കഥയാണിത്.
1986 ൽ അമ്മ അറിയാൻ എന്ന സിനിമയിലൂടെയാണ് ജോയ് മാത്യു സിനിമാ രംഗത്തേക്ക് കടന്നു വന്നത്. പിന്നീട് നിരവധി സിനിമകളിലായി വ്യത്യസ്ഥങ്ങളായ അനേകം കഥാപാത്രങ്ങളെ ജോയ് മാത്യു അവതരിപ്പിച്ചിട്ടുണ്ട്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തീകരിച്ചതും ഇപ്പോൾ ചിത്രീകരണം നടന്ന് വരുന്നതുമായ കടുവ, സേതു, വരയൻ, യാൻവി, പ്രേമം പോലെ, പുഴ മുതൽ പുഴ വരെ, ഹെവൻ എന്നിങ്ങനെ നിരവധി സിനിമകളാണ് ജോയ് മാത്യുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.