rajyasabha

ന്യൂഡൽഹി: ഗവർണർമാരുടെ നിയമനരീതി മാറ്റണമെന്നാവശ്യപ്പെട്ട് രാജ്യസഭയിൽ ബിൽ അവതരിപ്പിച്ചു. സിപിഎം അംഗം വി ശിവദാസനാണ് ബിൽ അവതരിപ്പിച്ചത്. നിയമനത്തിന് പുറമേ ഗവർണർമാരുടെ കാലാവധി,​ സ്ഥലം മാറ്റം എന്നിവയിൽ ഭേദഗതികൾ വരുത്തണമെന്നും ബില്ലിൽ നിർദ്ദേശിക്കുന്നുണ്ട്.

കേന്ദ്രസർക്കാരിന്റെ ശുപാർശ പ്രകാരം രാഷ്ട്രപതി ഗവർണർമാരെ നിയമിക്കുന്ന സമ്പ്രദായത്തിനുപകരം സംസ്ഥാനങ്ങൾക്ക്‌ അധികാരം നൽകണമെന്നതാണ്‌ പ്രധാന നിർദ്ദേശം. നിയമസഭാ അംഗങ്ങളും തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികളും ചേർന്നായിരിക്കണം ഗവർണറെ തിരഞ്ഞെടുക്കേണ്ടത്.

കാലാവധി അഞ്ചു വർഷമായിരിക്കണം. ഗവർണർമാർക്കെതിരായ അവിശ്വാസപ്രമേയം പാസാകണമെങ്കിൽ ഹാജരാകുന്ന അംഗങ്ങളിൽ മൂന്നിൽ രണ്ടുപേർ അതിനെ പിന്തുണയ്‌ക്കണമെന്നും ബില്ലിൽ നിർദ്ദേശിച്ചിട്ടുണ്ട്.

കേരള ഗവർണർ ആരിഫ് ഖാനും സർക്കാരും തമ്മിലുള്ള പ്രതിസന്ധി തുടരുന്നതിനിടെയാണ് രാജ്യസഭയിൽ ബിൽ അവതരിപ്പിച്ചത്. തന്റെ അധികാര പരിധിയിൽ സർക്കാർ കൈകടത്താൻ ശ്രമിക്കുകയാണെന്ന് ഗവർണർ വിമർശിച്ചിരുന്നു. എന്നാൽ,​ ഗവർണറുടെ നിലപാടുകൾക്കെതിരെ സർക്കാരും പാർട്ടിയും ശക്തമായി പ്രതിഷേധിച്ചതും വിവാദങ്ങളുടെ ആക്കം കൂട്ടി.