roman-abramovich

റഷ്യ- യുക്രെയിൻ സമാധാന ചർച്ചയ്ക്കായി ഇടനിലക്കാരനായി പ്രവർത്തിച്ച റഷ്യയിലെ കോടീശ്വരനും ചെൽസി ഫുട്ട്‌ബോൾ ക്ളബിന്റെ ഉടമയുമായ റോമൻ അബ്രമോവിച്ചിന് വിഷബാധയേറ്റെന്ന വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്. യുക്രെയിൻ ബെലാറൂസ് അതിർത്തിയിൽ വച്ച് തുർക്കി പ്രസിഡന്റായ റിസെപ്പ് തയ്യിപ്പ് എർഡോഗന്റെ നേതൃത്വത്തിൽ യുക്രെയിനെതിരായി റഷ്യ നടത്തിവരുന്ന ആക്രമണം അവസാനിപ്പിക്കുന്നതിനായുള്ള സമാധാന ചർച്ചയിലാണ് അബ്രമോവിച്ച് മുഖ്യ പങ്കു വഹിച്ചത്.

പ്രതിനിധി സംഘത്തിലെ ഔദ്യോഗിക അംഗമല്ലെങ്കിലും അബ്രമോവിച്ചിന്റെ പങ്ക് ഇരു രാജ്യങ്ങളും അംഗീകരിച്ചിരുന്നു. റഷ്യയിലെ ശക്തരായ പ്രഭുക്കൻമാരിൽ ഒരാളായ അബ്രമോവിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി അടുത്ത ബന്ധം പുലർത്തുന്നുവെന്നതും ശ്രദ്ധേയമാണ്. റോമൻ ആർക്കാഡിയേവിച്ച് അബ്രമോവിച്ച് എന്ന അൻപത്തിയഞ്ചുകാരനെ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങളിൽ റഷ്യൻ കോടീശ്വരനായ അബ്രമോവിച്ച് ഉൾപ്പെടാത്തതിന് പിന്നിൽ യുക്രെയിൻ പ്രസിഡന്റ് വൊളോഡിമി‌ർ സെലൻസ്‌കിയാണെന്നതും അബ്രമോവിച്ചിന്റെ സ്വാധീനത്തിന്റെ തെളിവാണ്.

ലോകത്തിലെ ഏറ്റവും സമ്പന്നമാരിൽ ഒരാളായ അബ്രമോവിച്ചിന്റെ ഇന്നത്തെ ആസ്തി 54713 കോടിയിൽപരമാണ്. ഒരു ജൂത കുടുംബത്തിലായിരുന്നു അബ്രമോവിച്ച് ജനിച്ചത്. അദ്ദേഹത്തിന്റെ അമ്മയുടെ മാതാപിതാക്കൾ രണ്ടാം ലോക മഹായുദ്ധക്കാലത്ത് സോവിയറ്റ് യുക്രെയിനിൽ നിന്ന് റഷ്യയിലേക്ക് പാലായനം ചെയ്യുകയായിരുന്നു. മൂന്നാം വയസിൽ അബ്രമോവിച്ചിന് മാതാപിതാക്കളെ നഷ്ടപ്പെട്ടു.

മോസ്കോയിൽ അമ്മാവന്റെ സംരക്ഷണയിലായിരുന്നു അബ്രമോവിച്ച് വളർന്നത്. പഠനത്തിന് ശേഷം രണ്ട് വർഷം സൈന്യത്തിലും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. പിന്നീടാണ് ബിസിനസിലേക്ക് കടന്നത്. തുടക്കത്തിൽ സിഗരറ്റും ഡിസൈനർ ജീൻസുകളും സുഹൃത്തുക്കൾക്ക് വിറ്റായിരുന്നു ഉപജീവനം നോക്കിയിരുന്നത്. പിന്നാലെ ഒരു പാവ നിർമാണ കമ്പനി ആരംഭിച്ചു. 1980ൽ മോസ്കോയിൽ പ്ളാസ്റ്റിക് പാവകൾ വിറ്റു ജീവിച്ച ചരിത്രവും അദ്ദേഹത്തിനുണ്ടായിരുന്നു. ഇതിന് പുറമേ മറ്റ് പല ചെറിയ ബിസിനസുകളും അദ്ദേഹം ആരംഭിച്ചിരുന്നു.

1990കളിൽ സർക്കാർ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ സ്വകാര്യവത്കരിക്കാനുള്ള റഷ്യൻ സ‌ർ‌ക്കാരിന്റെ തീരുമാനത്തിന് പിന്നാലെയാണ് അബ്രമോവിച്ചിന്റെ ഭാഗ്യമുദിക്കുന്നത്. 1999ൽ റഷ്യയുടെ പ്രധാനമന്ത്രിയായി പുടിൻ ചുമതലയേൽക്കുമ്പോൾ അദ്ദേഹത്തിന്റെ അടുപ്പക്കാരനായി അബ്രമോവിച്ച് മാറിയിരുന്നു. ഇതേകാലയളവിൽ തന്നെ റഷ്യയുടെ കിഴക്കായി സ്ഥിതി ചെയ്യുന്ന സ്വയംഭരണ പ്രദേശമായ ചുക്കോത്കയുടെ ഗവർണറയായും അബ്രമോവിച്ച് സ്ഥാനമേറ്റു. പിന്നാലെ റഷ്യയിൽ എണ്ണ വിപണിയിലേക്ക് കടന്നതോടെയാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായി അബ്രമോവിച്ച് വളർന്നത്.