ind-rus

ന്യൂഡൽഹി: ഔദ്യോഗിക സന്ദർശനത്തിനായി റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് ഇന്ത്യയിൽ. യുക്രെയിനുമായുള‌ള യുദ്ധം ആരംഭിച്ച ശേഷം റഷ്യയിൽ ഉന്നത അധികാര സ്ഥാനത്തുള‌ള ഒരാൾ ഇന്ത്യയിലെത്തുന്നത് ഇതാദ്യമാണ്. റഷ്യയ്‌ക്കെതിരായ തങ്ങളുടെ ഉപരോധം മറികടക്കാൻ ശ്രമിക്കുന്ന രാജ്യങ്ങൾ പരിണിത ഫലം അനുഭവിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് സെർജി ലാവ്‌റോവ് ന്യൂഡൽഹിയിൽ വിമാനമിറങ്ങിയത്.

റഷ്യയ്‌ക്ക് നേരെയുള‌ള അന്താരാഷ്‌ട്ര തലത്തിലെ ഉപരോധത്തെ തുടർന്ന് കൂടുതൽ എണ്ണ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് ച‌ർച്ച ചെയ്യാനാണ് ലാവ്‌റോവ് എത്തിയതെന്നാണ് സൂചന. നിലവിൽ ഒരു ശതമാനത്തോളം മാത്രം എണ്ണയാണ് ഇന്ത്യ, റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്നത്. റഷ്യൻ എണ്ണയുടെ മുഖ്യ ആവശ്യക്കാരായ യൂറോപ്യൻ രാജ്യങ്ങൾക്ക് എണ്ണ വാങ്ങാൻ സാധിക്കാത്തതിനാലാണ് ഇത്.

ഇന്ത്യയിലെത്തും മുൻപ് സെർജി ലാവ്‌റോവ് ചൈനയിലും സന്ദർശനം നടത്തിയിരുന്നു. വിലക്കിഴിവിൽ എണ്ണ വാങ്ങാനും ഉഭയകക്ഷി വ്യാപാരത്തിനായി റൂബിൾ-രൂപ സജ്ജീകരണം നടത്താനും ഇരു രാജ്യങ്ങളും ആലോചിക്കുന്ന സൂചനകൾക്കിടയിലാണ് ഈ സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ആശംസയറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമ‌ർ പുടിന്റെ സന്ദേശം അദ്ദേഹത്തെ നേരിട്ടറിയിക്കുമെന്ന് സെർജി ലാവ്‌റോവ് പറഞ്ഞു. പ്രതിസന്ധികൾക്കിടയിലും ഇന്ത്യാ-റഷ്യാ ബന്ധം ഭദ്രമായിരുന്നതായി അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇന്ത്യയ്‌ക്കാവശ്യമായ ഊർജം, സയൻസ്, ഫാ‌ർമസ്യൂട്ടിക്കൽ മേഖലയിൽ പദ്ധതികൾ നടപ്പാക്കാൻ ചർച്ചകൾക്ക് തങ്ങൾ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറുമായി ച‌ർച്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. റഷ്യയ്‌ക്ക് ഒന്നും ഒളിയ്‌ക്കാനില്ലെന്നും വിഷയമെല്ലാം ഇന്ത്യയ്‌ക്കറിയാമെന്നും സെർജി ലാവ്‌റോവ് സൂചിപ്പിച്ചു.

യുക്രെയിനിൽ റഷ്യ നടത്തുന്നത് പ്രത്യേക സൈനിക നടപടിയാണെന്നും യുദ്ധമല്ലെന്നും അദ്ദേഹം പറഞ്ഞു. റഷ്യയുടെ യുക്രെയിനിലെ നടപടിയെ ഇന്ത്യ ഇതുവരെ വിമർശിച്ചിട്ടില്ല. റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുടിനുമായി പ്രധാനമന്ത്രി നിരവധി തവണ ചർച്ച നടത്തിയിട്ടുണ്ട്. ഫെബ്രുവരി 24, മാ‌‌ർച്ച് രണ്ട്, മാർച്ച് ഏഴ് തീയതികളിൽ പ്രധാനമന്ത്രി പുടിനുമായി ഫോണിൽ ഔദ്യോഗിക ചർച്ച നടത്തിയിരുന്നു.