
കോഴിക്കോട്: സംഭവബഹുലമായ ഔദ്യോഗിക ജീവിതത്തിന് ശേഷം കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ പദവിയിൽ നിന്ന് ഐ ജി എ വി ജോർജ് വിരമിച്ചു. 34 വര്‍ഷത്തെ സർവീസിന് ശേഷമാണ് അദ്ദേഹം വിശ്രമ ജീവിതത്തിലേയ്ക്ക് കടക്കുന്നത്. എ അക്ബർ ഐ പി എസ് ആണ് കോഴിക്കോടിന്റെ പുതിയ സിറ്റി പൊലീസ് കമ്മിഷണർ.
വിരമിച്ചതിന് പിന്നാലെ നടിയെ ആക്രമിച്ച കേസിൽ തുറന്നുപറച്ചിലുമായി എ വി ജോർജ് രംഗത്തെത്തി. ദിലീപിനെ അറസ്റ്റ് ചെയ്യാൻ നേതൃത്വം നൽകിയത് എ വി ജോർജ് ആയിരുന്നു. ദിലീപിനെ അറസ്റ്റ് ചെയ്തത് കൃത്യമായ തെളിവുകളോടെയായിരുന്നുവെന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയായിരുന്ന എ വി ജോർജ് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനുള്ള പങ്ക് ബോദ്ധ്യമായതാണെന്നും എ വി ജോർജ് പറഞ്ഞു. പഴുതടച്ചുള്ള അറസ്റ്റായിരുന്നു ദിലീപിന്റേത്. ഒരു വിധത്തിലുള്ള സമ്മർദവും അന്ന് രാഷ്ട്രീയ പാർട്ടികളിൽ നിന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമാ മേഖലയിൽ നിന്ന് ചെറിയ സമ്മർദം വന്നെങ്കിലും തങ്ങൾ കാര്യമാക്കിയില്ലെന്ന് എ വി ജോർജ് കൂട്ടിച്ചേർത്തു.