chandigad

അമൃത്സർ: പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ സംയുക്ത തലസ്ഥാനവും കേന്ദ്ര ഭരണ പ്രദേശവുമായ ചണ്ഡീഗഢിനെ ഉടൻ പഞ്ചാബിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഭഗവന്ത്മാൻ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രിയായി അധികാരമേറ്റ് രണ്ടാഴ്ച പിന്നിടവെ, ഭഗവന്ത് മാനിന്റെ നീക്കം കേന്ദ്രവും പഞ്ചാബും തമ്മിലുള്ള തുറന്ന പോരിന് വഴിയൊരുക്കിയിരിക്കയാണ്.

ഇതിനോടകം നിരവധി തവണ ഇതേ ആവശ്യം പഞ്ചാബ് ഉന്നയിച്ചിട്ടുണ്ട്. പ്രദേശങ്ങൾ തമ്മിലുള്ള സൗഹാർദ്ദം നിലനിറുത്തുന്നതിനും ജനങ്ങളുടെ വികാരം കണക്കിലെടുത്തുമാണ് ചണ്ഡിഗഢിനെ പഞ്ചാബിലേക്ക് മാറ്റാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നതെന്ന് പ്രമേയത്തിൽ ഭഗവന്ത് മാൻ പറഞ്ഞു.

കേന്ദ്ര ഭരണപ്രദേശമായ ചണ്ഡീഗഡിലെ ജീവനക്കാർക്ക് കേന്ദ്ര സർവീസ് നിയമങ്ങളും ആനുകൂല്യങ്ങളും ബാധകമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഒരു ദിവസത്തെ പ്രത്യേക സമ്മേളനം വിളിച്ചുചേർത്താണ് ചണ്ഡീഗഢിനെ അടിയന്തരമായി സംസ്ഥാനത്തിൽ ഉൾപ്പെടുത്തണമെന്ന് പഞ്ചാബ് നിയമസഭ പ്രമേയം പാസാക്കിയത്.