
മുംബയ്: കേരളത്തിലെ പിള്ളേർ ആറാടുകയാണ് എന്ന ക്യാപ്ഷനിൽ മുംബയ് ഇന്ത്യൻസ് അവരുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത രാജസ്ഥാൻ ക്യാപ്ടൻ സഞ്ജു സാംസണും മുംബയ് പേസർ ബേസിൽ തമ്പിയും നിൽക്കുന്ന ചിത്രം ഏറ്റെടുത്ത് മലയാളികൾ. നിമിഷ നേരം കൊണ്ട് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. ഇന്ന് നടക്കുന്ന മുംബയ് ഇന്ത്യൻസും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരത്തിനു് മുന്നോടിയായാണ് മുംബയ്ക്കാർ ചിത്രം പോസ്റ്റ് ചെയ്തത്. പോസ്റ്റിന് താഴെ ലൈക്കും കമന്റുകളുമായി മലയാളികൾ നിറഞ്ഞാടുകയാണ്. തമ്പി അളിയൻ എന്ന ക്യാപ്ഷനിൽ സഞ്ജുവും തന്റെ ഫേസ് ബുക്ക് അക്കൗണ്ടിൽ ചിത്രം പോസ്റ്റ് ചെയ്തു.
സൺറൈസേഴേസ് ഹൈദരാബാദിനെതിരായ രാജസ്ഥാന്റെ സീസണിലെ ആദ്യ മത്സരത്തിൽ 27 പന്തിൽ 55 റൺസ് അടിച്ചെടുത്ത സഞ്ജു കളിയിലെതാരമായി രാജസ്ഥാനെ വിജയത്തിലേക്ക് മുന്നിൽ നിന്ന് നയിച്ചിരുന്നു. ബേസിൽ മുംബയ്ക്കായി ആദ്യ മത്സരത്തിൽ ഡൽഹിക്കെതിരെ മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. മുംബയ് തോറ്റെങ്കിലും ബേസിലിന്റെ പ്രകടനം കൈയടി നേടിയിരുന്നു.
ഇന്നത്തെ കളികൾ
മുംബയ്- രാജസ്ഥാൻ
(വൈകിട്ട് 3.30 മുതൽ)
ഗുജറാത്ത് - ഡൽഹി
(രാത്രി 7.30 മുതൽ)