gst

 മാർച്ചിൽ നേടിയത് ₹1.42 ലക്ഷം കോടി

കൊച്ചി: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ആശ്വാസം പകർന്നും സമ്പദ്‌വ്യവസ്ഥ ശക്തമായി കരകയറുന്നുവെന്ന് സൂചിപ്പിച്ചും മാർച്ചിൽ ജി.എസ്.ടി സമാഹരണം എക്കാലത്തെയും ഉയരമായ 1.42 ലക്ഷം കോടി രൂപയിലെത്തി. ജനുവരിയിൽ ലഭിച്ച 1.40 ലക്ഷം കോടി രൂപയാണ് പഴങ്കഥയായത്.

കഴിഞ്ഞമാസത്തെ വരുമാനത്തിൽ 25,​830 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും 32,​378 കോടി രൂപ സംസ്ഥാന ജി.എസ്.ടിയും 74,​470 കോടി രൂപ സംയോജിത ജി.എസ്.ടിയുമാണ്. സെസ് ഇനത്തിൽ 9,417 കോടി രൂപ ലഭിച്ചു. 2021 മാർച്ചിനേക്കാൾ 15 ശതമാനവും 2020 മാർച്ചിനേക്കാൾ 46 ശതമാനവും അധികമാണ് കഴിഞ്ഞമാസത്തെ സമാഹരണം.

മാർച്ച് 31ന് സമാപിച്ച 2021-22ലെ അവസാനപാദത്തിലെ ശരാശരി പ്രതിമാസ സമാഹരണം 1.38 ലക്ഷം കോടി രൂപയാണ്. ഒന്നാംപാദത്തിൽ 1.10 ലക്ഷം കോടി രൂപയും രണ്ടാംപാദത്തിൽ 1.15 ലക്ഷം കോടി രൂപയും മൂന്നാംപാദത്തിൽ 1.30 ലക്ഷം കോടി രൂപയുമായിരുന്നു ഇത്.

ഇ-വേ ബിൽ കൂടി,​ വരുമാനം മുന്നേറി

ഫെബ്രുവരിയിലെ ഇടപാടുകളുടെ ജി.എസ്.ടി സമാഹരണമാണ് മാർച്ചിൽ നടന്നത്. സാമ്പത്തിക പ്രവർത്തനങ്ങൾ ശക്തമാകുന്നുവെന്ന് സൂചിപ്പിച്ച് ഫെബ്രുവരിയിൽ ഇ-വേ ബില്ലുകളുടെ എണ്ണം 6.91 കോടിയിൽ എത്തിയിരുന്നു. ജനുവരിയിൽ ഇത് 6.88 കോടിയായിരുന്നു.

കേരളത്തിന്റെ വളർച്ച 14%

കേരളം ജി.എസ്.ടിയായി കഴിഞ്ഞമാസം 2,​089 കോടി രൂപ നേടി. 2021 മാർച്ചിലെ 1,​828 കോടി രൂപയേക്കാൾ 14 ശതമാനമാണ് വളർച്ച. 20,​305 കോടി രൂപ സമാഹരിച്ച് മഹാരാഷ്‌ട്രയാണ് കഴിഞ്ഞമാസം ഒന്നാമതെത്തിയത്. ഗുജറാത്ത് (9,​158 കോടി രൂപ)​,​ കർണാടക (8,​750 കോടി രൂപ)​,​ തമിഴ്നാട് (8,​023 കോടി രൂപ)​ എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്.

വരുമാനക്കുതിപ്പ്

(2021-22ലെ സമാഹരണം - തുക കോടിയിൽ)​

 ഏപ്രിൽ : ₹1.39 ലക്ഷം

 മേയ് : ₹97,​821

 ജൂൺ : ₹92,​800

 ജൂലായ് : ₹1.16 ലക്ഷം

 ആഗസ്‌റ്റ് : ₹1.12 ലക്ഷം

 സെപ്തംബർ : ₹1.17 ലക്ഷം

 ഒക്‌ടോബർ : ₹1.30 ലക്ഷം

 നവംബർ : ₹1.31 ലക്ഷം

 ഡിസംബർ : ₹1.29 ലക്ഷം

 ജനുവരി : ₹1.40 ലക്ഷം

 ഫെബ്രുവരി : ₹1.33 ലക്ഷം

 മാർച്ച് : ₹1.42 ലക്ഷം