reham-khan

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ നാളെ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മാനസിക വിഭ്രാന്തിയാണെന്ന് ആരോപിച്ച് മുൻ ഭാര്യ രെഹം ഖാൻ. ഇമ്രാൻ ഉപദേശങ്ങൾക്ക് ചെവികൊടുക്കില്ല. അയാൾ മറ്റുള്ളവരെ പോലെ പെരുമാറുമെന്ന് കരുതുന്നത് മണ്ടത്തരമാണ്. അയാൾക്ക് എല്ലാ കാലത്തും മാനസിക വിഭ്രാന്തിയുണ്ടായിരുന്നു.' - രെഹം ഖാൻ ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അവിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെടും എന്ന് ഉറപ്പായിട്ടും ഇമ്രാൻ ഖാൻ എന്തുകൊണ്ട് രാജി വയ്ക്കുന്നില്ല എന്ന ചോദ്യത്തിനുള്ള മറുപടിയാണിത്.

'എപ്പോഴും മുഖസ്തുതി കേൾക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണദ്ദേഹം. എല്ലായിടത്തും എന്റെ പേര്, കൈയടികൾ എന്നതാണ് രീതി. മര്യാദയ്ക്ക് രാജിവച്ച് പോകാൻ അദ്ദേഹത്തോട് പലരും ഉപദേശിച്ചിരുന്നു. പക്ഷേ, മര്യാദ അദ്ദേഹത്തിന്റെ നിഘണ്ടുവിൽ ഉള്ള വാക്കാണെന്ന് ഞാൻ കരുതുന്നില്ല. ഞങ്ങളുടെ വിവാഹജീവിതത്തിൽ അദ്ദേഹം മര്യാദ കാണിച്ചിട്ടില്ല.

നാല് വർഷത്തോളം രാജ്യത്തിന് ദുരിതം മാത്രം നൽകാൻ ഇമ്രാൻ ഖാനെ എന്തിന് അനുവദിച്ചുവെന്നത് മനസിലാവുന്നില്ല. തന്നെ അധികാരത്തിൽ നിന്നിറക്കാൻ അന്താരാഷ്ട്ര തലത്തിൽ ഗൂഢാലോചന നടന്നുവെന്ന കഥ ഇമ്രാൻ ഖാൻ സ്വയം സൃഷ്ടിച്ചതാണ്. ഒരു ബി ഗ്രേഡ് സിനിമയുടെ കഥയ്ക്ക് സമാനമാണിതെന്നും' രെഹം ഖാൻ പരിഹസിച്ചു.

ബ്രിട്ടീഷ് പാകിസ്ഥാനി വംശജയും പത്രപ്രവർത്തകയും മുൻ ടി.വി അവതാരകയുമായ രെഹം ഖാൻ 2014ലാണ് ഇമ്രാൻ ഖാനെ വിവാഹം കഴിക്കുന്നത്. 2015 ഒക്ടോബറിൽ ഇരുവരും വിവാഹമോചിതരായി. ഇമ്രാന്റെ കടുത്ത വിമർശകയായാണ് രെഹം അറിയപ്പെടുന്നത്.

അതെ, പാകിസ്ഥാൻ മികച്ച രാജ്യമായിരുന്നു. ഇമ്രാൻഖാൻ പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് വരെ.

-രെഹം ഖാന്റെ ട്വീറ്റ്