
ഇസ്ളാമാബാദ്: അമേരിക്കയെ പരോക്ഷമായി വിമർശിച്ചും ഇന്ത്യയുടെ സ്വതന്ത്രമായ വിദേശനയത്തെ വാനോളം പുകഴ്ത്തിയും പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ.
'രാജ്യത്തിന്റെയും പൊതുസമൂഹത്തിന്റെയും താത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടാണ് ഇന്ത്യ എല്ലായ്‌പ്പോഴും വിദേശ നയങ്ങൾ സ്വീകരിക്കുന്നത്. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നായിരുന്നു ഇമ്രാന്റെ വാക്കുകൾ.
തന്റെ റഷ്യൻ സന്ദർശനത്തിൽ ഇന്ത്യയെ പിന്തുണയ്ക്കുന്ന ശക്തരായ ഒരു രാജ്യം അസന്തുഷ്ടരാണെന്ന് ഇമ്രാൻ ഖാൻ വിമർശിച്ചു. അമേരിക്കയെന്ന് പറഞ്ഞെങ്കിലും പിന്നാലെ 'വിദേശ ശക്തി' എന്ന് തിരുത്തിയായിരുന്നു ഒളിയമ്പുകൾ. പാകിസ്ഥാനിൽ പ്രതിപക്ഷ പാർട്ടികളും നേതാക്കളും രാജ്യതാത്പര്യങ്ങൾക്ക് എതിരാണെന്നും അവരുടെ വൻകിട നിക്ഷേപങ്ങൾ അമേരിക്കൻ ബാങ്കുകളിലായതാണ് അതിന് കാരണമെന്നും ഇമ്രാൻ കുറ്റപ്പെടുത്തി.
പാകിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളിൽ അമേരിക്ക ഇടപെടുന്നുവെന്ന ആരോപണത്തിന് പിന്നാലെ മുതിർന്ന യു.എസ് നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി പാക് സർക്കാർ പ്രതിഷേധം അറിയിച്ചതായി റിപ്പോർട്ട്. തന്നെ പുറത്താക്കാൻ വിദേശ ഗൂഢാലോചന നടക്കുന്നതായും ഒരു വിദേശ ശക്തി പാകിസ്ഥാനിലേക്ക് ഒരു ഭീഷണിക്കത്ത് അയച്ചെന്നും അമേരിക്കയെ ഉദ്ദേശിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. എന്നാലിത് യു.എസ് തള്ളി.
ഇമ്രാൻ ഖാനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടന്നുവെന്ന് രാജ്യത്തെ സുരക്ഷാ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നതായി പാക് മന്ത്രി ഫവദ് ചൗധരി ആരോപിച്ചു. ഇതിന് പിന്നാലെ ഇമ്രാന്റെ സുരക്ഷ വർദ്ധിപ്പിച്ചെന്നും ചൗധരി പറഞ്ഞു. പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് തെഹ്രീക് ഇ ഇൻസാഫ് നേതാവ് ഫൈസൽ വാവ്ദയും ആരോപിച്ചിരുന്നു.
ഇമ്രാന് ശേഷം
ഷെഹ്ബാസ് ഷെരീഫ് ?
കറാച്ചി: പാകിസ്ഥാനിൽ നാളെ നടക്കുന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ പരാജയപ്പെട്ട് ഇമ്രാൻഖാൻ രാജിവച്ചാൽ പ്രതിപക്ഷ നേതാവ് മിയാൻ മുഹമ്മദ് ഷെഹ്ബാസ് ഷെരീഫ് അടുത്ത പ്രധാനമന്ത്രിയായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇമ്രാനെതിരെ ദേശീയ അസംബ്ലിയിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ച 70 കാരനായ ഷെഹ്ബാസ് ഷെരീഫ്, മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനാണ്.
ലാഹോറിൽ ജനനം.
ലാഹോർ ഗവ. സർവകലാശാലയിൽ നിന്നും ബി.എ നേടി.
അഴിമതി കേസിൽ നവാസ് ഷെരീഫ് പുറത്താക്കപ്പെട്ടതോടെ പാകിസ്ഥാൻ മുസ്ലിം ലീഗിന്റെ (നവാസ്) പ്രസിഡന്റായി.
1997ൽ പാക് പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രി. ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായെന്ന റെക്കാഡ്.
1999ൽ പർവേസ് മുഷ്റഫ് സൈനിക അട്ടിമറിയിലൂടെ അധികാരത്തിലെത്തിയതോടെ രാജ്യം വിട്ടു.
പിന്നീട് എട്ട് വർഷം സൗദി അറേബ്യയിൽ.
2007ൽ പാകിസ്ഥാനിൽ തിരിച്ചെത്തി
2008 പൊതുതിരഞ്ഞെടുപ്പിൽ വീണ്ടും പഞ്ചാബ് മുഖ്യമന്ത്രിയായി.
2013ൽ മൂന്നാം തവണയും പഞ്ചാബ് മുഖ്യമന്ത്രി.
2018 തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. പ്രതിപക്ഷ നേതാവായി.
2019 ഡിസംബറിൽ കള്ളപ്പണം വെളുപ്പിക്കൽ ആരോപിച്ച് ഷെഹ്ബാസിന്റെയും മകൻ ഹംസയുടെയും ഉടമസ്ഥതയിലുള്ള 23 സ്വത്തുവകകൾ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻ.എ.ബി ) മരവിപ്പിച്ചു.
2020 സെപ്തംബറിൽ, ഇതേ കേസിൽ എൻ.എ.ബി ഷെഹ്ബാസിനെ അറസ്റ്റ് ചെയ്തു.
2021 ഏപ്രിലിൽ ലാഹോർ ഹൈക്കോടതി ജാമ്യത്തിൽ വിട്ടു.