ukraine

മോസ്കോ : റഷ്യൻ അധിനിവേശം ആരംഭിച്ച് 37 ദിവസങ്ങൾ പിന്നിടവെ യുക്രെയിൻ ആദ്യമായി റഷ്യൻ മണ്ണിൽ അപ്രതീക്ഷിത വ്യോമാക്രമണം നടത്തിയെന്ന് ആരോപണം. യുക്രെയിന് വടക്കൻ അതിർത്തിയിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള റഷ്യൻ നഗമായ ബെൽഗൊറോഡിലെ ഇന്ധന സംഭരണ കേന്ദ്രത്തിന് നേരെയാണ് ആക്രമണം നടന്നത്. രണ്ട് യുക്രെയിൻ ഹെലികോപ്ടറുകളാണ് ആക്രമണം നടത്തിയതെന്ന് പ്രാദേശിക ഭരണകൂടം ആരോപിച്ചു. സംഭരണകേന്ദ്രത്തിലെ ശക്തമായ സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ റഷ്യ പുറത്തുവിട്ടു.

അതേ സമയം, ആക്രമണം നടത്തിയത് തങ്ങളാണെന്ന് സ്ഥിരീകരിക്കാനോ നിഷേധിക്കാനോ യുക്രെയിൻ തയാറായില്ല. സൈനിക വിവരങ്ങൾ ലഭ്യമല്ലാത്തിനാൽ തനിക്ക് ആക്രമണ റിപ്പോർട്ട് സ്ഥിരീകരിക്കാനോ തള്ളാനോ നിലവിൽ സാദ്ധ്യമല്ലെന്ന് യുക്രെയിൻ വിദേശകാര്യ മന്ത്രി ഡിമിട്രോ കുലേബ പോളണ്ടിലെ വാഴ്സോയിൽ വച്ച് പറഞ്ഞു. യുക്രെയിനുള്ളിൽ റഷ്യയ്ക്കെതിരെ പോരാട്ടം നടത്തുന്നുണ്ടെങ്കിലും റഷ്യൻ മണ്ണിൽ സംഭവിക്കുന്നതിനെല്ലാം ഉത്തരാവാദി തങ്ങളാണെന്ന് അർത്ഥമാക്കാനാകില്ലെന്ന് യുക്രെയിൻ പ്രതിരോധ മന്ത്രാലയ വക്താവ് ഒലെക്സാണ്ടർ മൊറ്റുസ്യാനിക് പറഞ്ഞു. ആരോപണങ്ങൾ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യില്ലെന്ന് അദ്ദേഹവും വ്യക്തമാക്കി. എന്നാൽ,​ സ്ഫോടനം നടത്തിയെന്ന റിപ്പോർട്ട് യുക്രെയിനിലെ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി ഒലെക്സി ഡാനിലോവ് നിഷേധിച്ചു.

ഇന്നലെ ഇന്ത്യൻ സമയം, രാവിലെ 8.30ഓടെ യുക്രെയിന്റെ രണ്ട് എം.ഐ - 24 കോംമ്പാക്റ്റ് ഹെലികോപ്ടറുകൾ എന്ന് കരുതുന്നവ ഇന്ധന സംഭരണ കേന്ദ്രത്തിന് നേരെ മിസൈലുകൾ തൊടുക്കുകയായിരുന്നുവെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്.


കീവുമായുള്ള സമാധാന ചർച്ചയെ സ്ഫോടനം പ്രതികൂലമായി ബാധിച്ചേക്കുമെന്ന് ക്രെംലിൻ വക്താവ് ഡിമിട്രി പെസ്കോവ് പറഞ്ഞു. ഹെലികോപ്ടറുകൾ താഴ്ന്ന് പറന്നാണ് സ്ഫോടനം നടത്തിയതെന്നാണ് വിവരം. ഇതുവരെ ആരും മരിച്ചതായി റിപ്പോർട്ടില്ല. ജനവാസ കേന്ദ്രങ്ങൾക്ക് ഭീഷണിയില്ലെന്നും ബെൽഗൊറോഡിലെ പ്രാദേശിക ഭരണകൂടം അറിയിച്ചു.

സംഭരണ കേന്ദ്രത്തിലെ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിനോട് ചേർന്ന് താമസിച്ചിരുന്ന എല്ലാവരെയും അധികൃതർ ഒഴിപ്പിച്ചു. എട്ട് ഇന്ധന ടാങ്കുകളിൽ സ്ഫോടനം ഉണ്ടായിട്ടുണ്ട്. ഏകദേശം 3.52 ദശലക്ഷം ഗാലൺ ഇന്ധനത്തിൽ തീപടർന്നു. റഷ്യൻ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനിയായ റോസ്നെഫ്റ്റിനാണ് സംഭരണ കേന്ദ്രത്തിന്റെ നിയന്ത്രണം. മൂന്ന് ടാങ്കുകളിലെ തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.

 റഷ്യയെ ' തീവ്രവാദ രാഷ്ട്ര"മായി പ്രഖ്യാപിക്കുന്ന ബില്ലിന് യുക്രെയിൻ പാർലമെന്റിൽ അംഗീകാരമെന്ന് റിപ്പോർട്ട്

 യുക്രെയിൻ പ്രതിസന്ധിയുടെ പ്രധാനകാരണക്കാർ യു.എസ് എന്ന് ചൈന

 റഷ്യ - യുക്രെയിൻ സമാധാന ചർച്ചകളുടെ ഓൺലൈൻ പതിപ്പ് പുനരാരംഭിച്ചു

 വടക്കൻ കീവിൽ നിന്ന് റഷ്യ ഏതാനും സൈന്യത്തെ പിൻവലിച്ചെന്ന് ഗവർണർ

 വടക്കൻ ചെർണീവിലും റഷ്യൻ ഭാഗത്ത് നിന്ന് സേന പിന്മാറ്റം

 യുക്രെയിനിൽ ഇതുവരെ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 153 ആയെന്ന് പ്രോസിക്യൂട്ടർ ജനറൽ

 ചെർണീവിനെ തെക്ക് സ്ലോബോഡ, ലുകാഷിവ്ക ഗ്രാമങ്ങളുടെ നിയന്ത്രണം യുക്രെയിൻ തിരിച്ചുപിടിച്ചെന്ന് ബ്രിട്ടീഷ് മിലിട്ടറി ഇന്റലിജൻസ്