
പുതിയ അപ്ഡേറ്റ് പുറത്ത്
കാലിഫോർണിയ: വോയിസ് മെസേജുകളുമായി ബന്ധപ്പെട്ട ആറ് ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. വോയിസ് മെസേജ് അയയ്ക്കുന്നതിനും മറ്റൊരാൾ അയച്ച വോയിസ് കേൾക്കുന്നതിനും കൂടുതൽ സൗകര്യമൊരുക്കുന്നതാണ് പുതിയ അപ്‌ഡേറ്റ്. വരുന്ന ആഴ്ചകളിൽ വാട്സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യുക വഴി ഈ സൗകര്യങ്ങൾ ലഭിക്കും.
1. ഔട്ട് ഒഫ് ചാറ്റ് പ്ലേ ബാക്ക്
ഒരാൾ അയച്ച വോയിസ് മെസേജ് കേൾക്കണമെങ്കിൽ അയാളുടെ ചാറ്റ് ബോക്സിൽ തന്നെ നിൽക്കണമെന്ന നിബന്ധന നീക്കും. ഒരാളുടെ വോയിസ് മെസേജ് കേൾക്കുന്നതിനിടെ തന്നെ മറ്റൊരാളുടെ ചാറ്റ് ബോക്സിൽ പോകാം. ടെലഗ്രാമിൽ ഈ ഫീച്ചർ ലഭ്യമാണ്.
2. പോസ് / റസ്യൂം റെക്കാഡിംഗ്
വോയിസ് മെസേജ് റെക്കാഡ് ചെയ്യുന്നതിനിടയ്കുവച്ച് നിറുത്താനും അത് കട്ടാവാതെ പുനഃരാരംഭിക്കാനും സാധിക്കും. റെക്കാഡിംഗിനിടെ സംശയമോ തടസങ്ങളോ ഉണ്ടായാൽ ആദ്യം മുതൽ വീണ്ടും ചെയ്യേണ്ടതില്ല.
3. വേവ് ഫോം വിഷ്വലൈസേഷൻ
ശബ്ദസന്ദേശം തരംഗരൂപത്തിൽ ദൃശ്യമാവുന്ന സിസ്റ്റം. വോയിസ് കേൾക്കുമ്പോൾ തന്നെ ശബ്ദത്തിന്റെ തീവ്രത മനസിലാക്കാൻ ഇതു വഴി കഴിയും.
4. ഡ്രാഫ്റ്റ് പ്രിവ്യു
മൈക്ക് ബട്ടനിൽ അമർത്തിയോ, മൈക്ക് ലോക്ക് ആക്കിയോ റെക്കാഡ് ചെയ്യുന്ന സന്ദേശം, റെക്കാഡിംഗ് കഴിഞ്ഞയുടൻ സെൻഡ് ആവുന്നതായിരുന്നു. എന്തെങ്കിലും തെറ്റുണ്ടോ എന്ന് അറിയാൻ സാധിക്കില്ലായിരുന്നു. എന്നാൽ റെക്കാഡ് ചെയ്ത ശബദസന്ദേശം അയയ്ക്കും മുമ്പ് കേൾക്കാൻ പുതിയ അപ്ഡേറ്റിലൂടെ സാധിക്കും.
5. റിമെമ്പർ പ്ലേബാക്ക്
ഒരാളുടെ സന്ദേശം കേൾക്കുന്നതിനിടയ്ക്കുവച്ച് നിറുത്തേണ്ടിവന്നാലോ, ചാറ്റിന് പുറത്തു പോയാലോ കേട്ടു നിറുത്തിയ ഇടത്തുനിന്ന് തന്നെ തുടർന്ന് കേൾക്കാം.
6. പ്ലേബാക്ക് സ്പീഡ്
ശബ്ദ സന്ദേശത്തിന്റെ വേഗത കൂട്ടി കേൾക്കാൻ സൗകര്യമൊരുക്കുന്ന സന്ദേശം 1.5, 2 ഇരട്ടി വരെ വേഗത്തിൽ കേൾക്കാനാകും.