lv

ന്യൂഡൽഹി: പാശ്ചാത്യ ഉപരോധം നേരിടുന്ന റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരായ അമേരിക്കൻ മുന്നറിയിപ്പിന് പിന്നാലെ,​ ഇന്ത്യയ്‌ക്ക് എന്ത് വേണമെങ്കിലും നൽകാമെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് ന്യൂഡൽഹിയിൽ പ്രഖ്യാപിച്ചു. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളുമായുള്ള വ്യാപാര ഇടപാടുകൾക്ക് ഡോളർ ഉൾപ്പെടെയുള്ള പാശ്ചാത്യ കറൻസികൾ ഒഴിവാക്കുമെന്നും പറഞ്ഞു.

യുക്രെയിൻ പ്രതിസന്ധി പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി മദ്ധ്യസ്ഥത വഹിച്ചാൽ റഷ്യ അനുകൂലിക്കും. യുക്രെയിൻ യുദ്ധത്തിൽ ഏകപക്ഷീയ നിലപാട് എടുക്കാത്ത ഇന്ത്യയുടെ വിദേശനയത്തെ പ്രകീർത്തിക്കുകയും ചെയ്‌തു. ഇന്നലെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള ചർച്ചയ്‌ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലാവ്‌റോവ്. പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി.

ഇന്ത്യ പ്രധാനപ്പെട്ട രാജ്യമാണ്. യുക്രെയിന്റെയും റഷ്യയുടെയും പൊതു പങ്കാളിയാണ്. ഇന്ത്യയുടെ മദ്ധ്യസ്ഥത ഒരു പരിഹാരമുണ്ടാക്കുമെങ്കിൽ ഞങ്ങളത് സ്വാഗതം ചെയ്യും. യുക്രെയിന്റെ സുരക്ഷയാണ് ഉറപ്പാക്കേണ്ടത്. പാശ്ചാത്യരാജ്യങ്ങൾ ആ ഉത്തരവാദിത്വം പാലിച്ചില്ല. ഇന്ത്യയ്‌ക്ക് അതിന് കഴിയും - ലാവ്‌റോവ് പറഞ്ഞു.

ലാവ്റോവിന് മുമ്പ് ഇന്ത്യയിൽ എത്തിയ അമേരിക്കൻ ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്‌ടാവ് ദലീപ് സിംഗ് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ പരാമർശിച്ച്,​ അമേരിക്കൻ ഉപരോധം അട്ടിമറിക്കാൻ ശ്രമിക്കുന്നവർ പ്രത്യാഘാതം നേരിടുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

എണ്ണ, പ്രതിരോധ സാമഗ്രികൾ

 എണ്ണയ്ക്ക് പുറമേ പ്രതിരോധ സാമഗ്രികളും റഷ്യ ഇന്ത്യയ്‌ക്ക് വിൽക്കും. സൈനിക സഹകരണവും ശക്തമാക്കും

 ഇതിനെല്ലാം റൂബിളും രൂപയുമാവും ഉപയോഗിക്കുക. ഡോളറും യൂറോയും മറ്റ് കറൻസികളും ഒഴിവാക്കും

 ഇന്ത്യയ്‌ക്ക് ബാരലിന് 35 ഡോളർ എന്ന കുറഞ്ഞ നിരക്കിലാണ് റഷ്യ എണ്ണ നൽകുന്നത്. ഇനിയും കുറയ്ക്കാം

 തുടക്കത്തിൽ ഒന്നരക്കോടി ബാരൽ എണ്ണയാണ് നൽകുന്നത്. നാലായിരം കോടി രൂപയുടെ ഇടപാട്

 യുദ്ധം തുടങ്ങിയ ശേഷം റഷ്യയിൽ നിന്ന് ലക്ഷക്കണക്കിന് ബാരൽ എണ്ണ ഇന്ത്യ വാങ്ങിക്കഴിഞ്ഞു

മോദി കണ്ടത് ലാവ്റോവിനെ മാത്രം

രണ്ടാഴ്ചയായി ഇന്ത്യയിൽ വന്ന അമേരിക്കയുടെയും ബ്രിട്ടന്റെയും ഉൾപ്പെടെയുള്ള വിദേശ പ്രതിനിധികളെ ആരെയും കാണാതിരുന്ന മോദി ലാവ്‌റോവിനെ കണ്ടത് ലോകരാജ്യങ്ങൾ ഉറ്റുനോക്കുകയാണ്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ സന്ദേശം ലാവ്റോവ് കൈമാറി. കൂടിക്കാഴ്ച നാല്പത് മിനിറ്റ് നീണ്ടു. യുക്രെയിനിൽ സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാ പിന്തുണയും മോദി വാഗ്ദാനം ചെയ്‌തു. യുക്രെയിനിലെ സമാധാനചർച്ചകൾ ലാവ്റോവ് ധരിപ്പിച്ചു.