
തിരുവനന്തപുരം: സിംഗപ്പൂരിൽനിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ചു.
സിംഗപ്പൂർ പൗരനായ നാഥൻ വിശ്വനാഥ് ശർമ്മയാണ് (നാഥശർമ്മ-67) മരിച്ചത്. ഇക്കഴിഞ്ഞ 29ന് രാത്രി 10ന് സിംഗപ്പൂരിൽ നിന്നും സ്‌കൂട്ട് എയർലൈൻസിന്റെ ടി.ആർ 530 വിമാനത്തിൽ തിരുവനന്തപുരം ഇന്റർനാഷണൽ എയർപ്പോർട്ടിൽ എത്തിയ വിശ്വനാഥ് ശർമ്മയെ കുഴഞ്ഞ് വീണതിനെ തുടർന്ന് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് വലിയതുറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സിംഗപ്പൂർ പൗരനാണെങ്കിലും വിശ്വനാഥ് ശർമ്മയുടെ ജന്മദേശം പാലക്കാട് ജില്ലയാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇയാളെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ
വലിയതുറ പൊലീസ് സ്റ്റേഷനിലെ 0471- 2501833 എന്ന നമ്പരിലോ സി.ഐയുടെ മൊബൈൽനമ്പരായ 9497947104ലോ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.