
വേനൽക്കാലം കടുത്ത ക്ഷീണം, ദാഹം എന്നീ അവസ്ഥകളുടേതാണ്. എന്നാൽ ദാഹമകറ്റാൻ മാത്രമല്ല വെള്ളം കുടിക്കേണ്ടത് എന്നുകൂടി അറിയുക. കോശങ്ങൾക്ക് നന്നായി പ്രവർത്തിക്കണമെങ്കിൽ ശരീരത്തിലെ ജലാംശത്തിന്റെ നില മികച്ചതായിരിക്കണം. വൃക്കകൾക്ക് ശരിയായി പ്രവർത്തിക്കാൻ ഒരാൾ ആറ് മുതൽ എട്ട് ഗ്ലാസ് വരെ വെള്ളം കുടിച്ചിരിക്കണം. വേനൽക്കാലത്ത് ശരീരത്തിലെ ജലാംശം വേഗം കുറയുന്നതിനാൽ മേൽപ്പറഞ്ഞതിന്റെ ഇരട്ടിയോളം വെള്ളം ആവശ്യമാണ്. കൂടുതൽ ദാഹം അനുഭവപ്പെട്ടില്ലെങ്കിലും ആവശ്യത്തിന് വെള്ളം കുടിക്കുക. അല്ലെങ്കിൽ, വൃക്കകളിൽ കല്ല് രൂപം കൊള്ളാനോ മൂത്രാശയത്തിൽ രോഗാണുബാധ ഉണ്ടാകാനോ ഉള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. തണ്ണിമത്തൻ, ഓറഞ്ച് , മുസംബി, സാലഡ് വെള്ളരി തുടങ്ങി ജലാംശം കൂടുതലുള്ള പച്ചക്കറി- പഴവർഗങ്ങളും കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിറുത്തും.