
ന്യൂഡൽഹി : ഇന്ത്യയും റഷ്യയുമായുള്ള ബന്ധം ശിഥിലമാക്കാൻ ആരു വിചാരിച്ചാലും കഴിയില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു. റഷ്യയിൽ നിന്ന് ഇന്ത്യയ്ക്ക് ആവശ്യമുള്ളതെന്തും വിതരണം ചെയ്യാൻ തയ്യാറാണെന്നും ലാവ്‌റോവ് വ്യക്തമാക്കി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുക്രെയിനുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. യുക്രെയിനിലേത് യുദ്ധമല്ല, സൈനിക നടപടി മാത്രമാണ്. സാധാരണക്കാരെ ലക്ഷ്യമിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രെയ്നിലെ സൈനിക നടപടിക്കെതിരെ രാജ്യാന്തര തലത്തിൽ റഷ്യയ്ക്കുമേൽ കനത്ത സമ്മർദം ഉയരുന്നതിനിടെയാണ് റഷ്യൻ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യ സന്ദർശനം യുക്രെയിൻ വിഷയത്തിൽ ഇന്ത്യ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നില്ല എന്നത് അഭിനന്ദനീയമാണെന്നും സർജെ ലവ്റോവ് പറഞ്ഞു.
ഇന്നലെയാണ് റഷ്യൻ വിദേശകാര്യ മന്ത്രി ഡൽഹിയിലെത്തിയത്. ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനാണ് റഷ്യയുടെ ആഗ്രഹം. ഇന്ത്യയുടെ വിദേശനയം സ്വതന്ത്ര കാഴ്ചപ്പാടും രാജ്യതാൽപ്പര്യങ്ങള്‍ സംരക്ഷിക്കുന്നവയുമാണ്. ഇതേ നയതന്ത്രമാണ് റഷ്യയും സ്വീകരിക്കുന്നത്. ഇത് തന്നെയാണ് വലിയ രാജ്യങ്ങളായ തങ്ങളിൽ സൌഹൃദവും പങ്കാളിത്തവും വളർത്തുന്നത്. ക്രൂഡ് ഓയില്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ ആവശ്യങ്ങള്‍ റഷ്യ പരിഗണിക്കുകയാണ്. ഇക്കാര്യങ്ങളിൽ രാജ്യങ്ങൾ തമ്മില്‍ ചര്‍ച്ച നടത്തി അന്തിമ തീരുമാനത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.