
പാരീസ് : പ്രശസ്ത ഫ്രഞ്ച് ഫാഷൻ ഫോട്ടോഗ്രാഫർ പാട്രിക് ഡിമാഷെലിയർ ( 78 ) അന്തരിച്ചു. മരണകാരണം വ്യക്തമല്ല. ബ്രിട്ടണിലെ ഡയാന രാജകുമാരിയുടെ പേഴ്സണൽ ഫോട്ടോഗ്രാഫറെന്ന നിലയിൽ പ്രശസ്തനായ അദ്ദേഹം റാൽഫ് ലോറൻ, ഡീയർ, ഷനെൽ, ലൂയി വീറ്റൺ തുടങ്ങി ഒട്ടേറ ഫാഷൻ ഹൗസുകൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്.
1943ൽ ഫ്രാൻസിലെ ലെ ഹാവറിൽ ജനിച്ച അദ്ദേഹം 20ാം വയസിൽ പാരീസിലെത്തുകയായിരുന്നു. സ്കൂൾ വിദ്യാഭ്യാസം മാത്രം ലഭിച്ച തനിക്ക് ഫോട്ടോഗ്രഫിയിൽ ഉന്നത വിദ്യാഭ്യാസ യോഗ്യതകളൊന്നുമില്ലെന്നും ചെറുപ്പം മുതൽ ചിത്രങ്ങൾ പകർത്തിയാണ് ഫോട്ടോഗ്രഫി പഠിച്ചതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
1975ൽ ന്യൂയോർക്ക് സിറ്റിയിലെത്തിയ അദ്ദേഹം പിന്നീട് അമേരിക്കൻ വോഗ്, ഹാർപേഴ്സ് ബസാർ ഉൾപ്പെടെയുള്ള മാസികകൾക്ക് വേണ്ടിയും പ്രവർത്തിച്ചു. നവോമി കാംപെൽ, സിൻഡി ക്രോഫോർഡ്, ക്രിസ്റ്റി ടർലിംഗ്ടൺ, മഡോണ, ആഞ്ചലീന ജോളി, റോബർട്ട് ഡി നീറോ, ആന്റണി ഹോപ്കിൻസ് തുടങ്ങി ഒട്ടേറെ പ്രശസ്തരുടെ ചിത്രങ്ങൾ പകർത്തി. മിയ ആണ് ഭാര്യ. മൂന്ന് ആൺ മക്കളുണ്ട്.