hayya-hayya

സൂറിച്ച്: ഈ വർഷം നടക്കുന്ന ഖത്തർ ഫിഫ ലോകകപ്പിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. അന്താരാഷ്ട്ര ഫുട്ബാൾ അസോസിയേഷനായ ഫിഫയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയത്. ഹയ്യ ഹയ്യ എന്ന പേരിട്ടിരിക്കുന്ന ഈ പാട്ട് ഒരുക്കിയിരിക്കുന്നത് ട്രിനിഡാഡ് കാർഡോണ, ഡേവിഡോ, ഐഷ എന്നീ ഗായകരാണ്. 'ഒന്നായിരിക്കുന്നത് നല്ലത്' എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. അമേരിക്ക, ആഫ്രിക്ക, ഗൾഫ് രാഷ്ട്രങ്ങൾ എന്നിവിടങ്ങളിലെ സംഗീത സംസ്കാരങ്ങൾ ഉൾക്കൊള്ളിച്ചാണ് പാട്ട് ചിത്രീകരിച്ചിരിക്കുന്നത്.

പതിവിന് വിപരീതമായി ഇത്തവണത്തെ ലോകകപ്പിന് ഒന്നിലേറെ ഗാനങ്ങൾ ഉണ്ടാകുമെന്ന് ഫിഫ അറിയിച്ചിരുന്നു. അതിലെ ആദ്യത്തെ പാട്ടാണ് ഹയ്യ ഹയ്യ. അമേരിക്കൻ സ്റ്റാറായ ട്രിനിഡാഡ് കാർഡോണയും ആഫ്രോ ബീറ്റ്സ് ഐക്കണായ ഡേവിഡോയും ഖത്തർ ഗായികയായ ഐഷയും ഇതാദ്യമായാണ് ഒരു ഗാനത്തിനുവേണ്ടി ഒന്നിക്കുന്നത്.