kk

തിരുവനന്തപുരം : ചങ്ങനാശേരിയിലെ ഐ.എന്‍.ടി.യു.സി പ്രകടനം സംബന്ധിച്ച് പാര്‍ട്ടിയാണ് പ്രതികരിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ഐ.എൻ.ടി.യു.സി കോണ്‍ഗ്രസ് പോഷകസംഘടനയല്ല എന്ന നിലപാട് തിരുത്തേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പണിമുടക്കിലെ അക്രമം സംബന്ധിച്ച് നേരത്തെ പറഞ്ഞ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. രണ്ട് ദിവസത്തെ പണിമുടക്കിനോട് അനുബന്ധിച്ചുള്ള അക്രമസംഭവങ്ങളെയാണ് അപലപിച്ചത്. അക്രമസമരത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല. നാട്ടില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും ആളുകളെ തടഞ്ഞതും തുപ്പിയതുമൊക്കെ സി.ഐ.ടിയുക്കാരും സി.പി.എമ്മുകാരാണെന്നും സതീശന്‍ പറഞ്ഞു.

ഐ.എൻ.ടി.യു.സിയെ തളളിപ്പറഞ്ഞിട്ടില്ല. കുത്തിത്തിരിപ്പ് സംഘങ്ങളാണ് പ്രചാരണങ്ങള്‍ക്ക് പിന്നില്‍. ചങ്ങനാശേരിയിലെ പ്രകടനത്തില്‍ പാര്‍‌ട്ടി തീരുമാനമെടുക്കുമെന്നും സതീശന്‍ പറഞ്ഞു. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഐ.എൻ.ടി.യു.സി പ്രസിഡന്റ് ആർ.ചന്ദ്രശേഖരനുമായി സംസാരിച്ചിരുന്നതായും സതീശൻ പറഞ്ഞു.

കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു അവിഭാജ്യസംഘടനയാണ് ഐ.എൻ.ടിയുസി. അവിഭാജ്യസംഘടനയും പോഷകസംഘടനയും രണ്ടാണെന്നും സതീശൻ പറഞ്ഞു.

ഐ.എന്‍.ടി.യു.സിക്ക് നിര്‍ദേശം കൊടുക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. യൂത്ത് കോണ്‍ഗ്രസിനെയോ മഹിളാ കോണ്‍ഗ്രസിനെയോ സേവാദളിനെയോ പോലെ പോഷക സംഘടന എന്ന നിലയിലല്ല ഐ.എന്‍.ടി.യു.സി പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണെങ്കിലും സ്വതന്ത്ര നിലനില്‍പ്പുള്ള ഐ.എന്‍.ടി.യു.സിക്ക് പ്രത്യേക തിരഞ്ഞെടുപ്പ് പോലുമുണ്ട്. ആ അഭിപ്രായം മാറ്റേണ്ട ഒരു സാഹചര്യവുമില്ലെന്നും സതീശന്‍ പറഞ്ഞു. കെ.പി.സി.സി അദ്ധ്യക്ഷനോട് ആലോചിച്ചാണ് പണിമുടക്കിലെ അക്രമം സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയതെന്നും സതീശൻ പറഞ്ഞു.


ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ലെന്ന സതീശന്റെ പരാമർശത്തിനെതിരെ ചങ്ങനാശേരിയിൽ ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകർ പരസ്യ പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു. നൂറുകണക്കിനു പ്രവര്‍ത്തകരാണ് പ്രതിഷേധത്തില്‍ അണിനിരന്നത്. കേന്ദ്ര ട്രേ‌‌ഡ് യൂണിയനുകള്‍ നടത്തിയ ദേശീയ പണിമുടക്കിനോടുള്ള പ്രതികരണമെന്ന നി

ലയിലാണ് വിഡി സതീശന്‍ ഐ.എന്‍.ടി.യു.സിയുമായിബന്ധപ്പെട്ട പരാമര്‍ശം നടത്തിയത്. പണിമുടക്കിന്റെ ഭാഗമായി അക്രമം നടത്തിയവരില്‍ കോണ്‍ഗ്രസുകാരുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്നുമായിരുന്നു സതീശന്‍ പറഞ്ഞത്. വിയോജിപ്പ് ഐ.എന്‍.ടി.യു.സി നേതൃത്വത്തെ അറിയിക്കുമെന്നും സതീശന്‍ വ്യക്തമാക്കിയിരുന്നു.