
തിരുവനന്തപുരം: തനിക്കെതിരെ പ്രവര്‍ത്തിക്കുന്നത് പാർട്ടിയിലെ ഭീരുക്കളാണെന്ന് യു. പ്രതിഭ എം.എല്‍.എ വിമര്‍ശിച്ചു. ഒരു ഇടവേളയ്ക്ക് ശേഷമാണ് വിമർശനവുമായി യു പ്രതിഭ എം.എൽ.എ രംഗത്തെത്തിയത്. അതാരാണെന്ന് അവര്‍ക്കറിയാം. ഭീരുക്കളായത് കൊണ്ടാണ് അവരുടെ പേര് പറയാത്തത്. നേരെ നിന്ന് ആക്രമിക്കുന്നവരോടാണ് ബഹുമാനമാണെന്നും യു.പ്രതിഭ പറഞ്ഞു.
സൂര്യ ഫെസ്റ്റിവലിലെ പഞ്ചരത്ന പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു പ്രതിഭ.
സ്‌ത്രീ വളരുമ്പോൾ അവൾക്കെതിരെ പറയുന്നത് ശക്തിയില്ലാത്തവരാണ്. തിരഞ്ഞെടുപ്പിലടക്കം എന്നെ തോൽപ്പിക്കാൻ ശ്രമിച്ചവരുടെ പേരുകൾ പറയുന്നില്ല. അത് അവർക്ക് കൃത്യമായി അറിയാം. നേരെ നിന്ന് അഭിപ്രായം പറയുന്നവരോടാണ് ബഹുമാനം. പ്രസ്ഥാനത്തിന് ദോഷം വരുന്ന അഭിപ്രായം പറയില്ല. വ്യക്തികൾക്കെതിരെ പറയാറുണ്ട്. വ്യക്തിയല്ല പാർട്ടി. ഇന്ദിരാഗാന്ധിയും ജയലളിതയും അടക്കമുളള സ്‌ത്രീകൾക്കെതിരെയും ആക്രമണങ്ങൾ നടന്നിട്ടുണ്ട്. അഭിപ്രായം പറഞ്ഞില്ലെങ്കിൽ ശ്വാസംമുട്ടി മരിച്ചുപോകും. ഞാനൊരു ഫെമിനിസ്റ്റല്ല. ക്ഷേത്രങ്ങളിൽ പോകുന്നതിനും രാമായണം വായിക്കുന്നതിനും വിമർശനം കേട്ടിട്ടുണ്ട്. മാറ്റിനിർത്തലുകൾ ഉണ്ടായപ്പോൾ പോലും സ്‌ത്രീ ആയിപോയല്ലോയെന്ന് ഓർത്ത് വിഷമിച്ചിട്ടില്ലെന്നും പ്രതിഭ പറഞ്ഞു.
കായംകുളം നിയോജക മണ്ഡലത്തിലെ വോട്ട് ചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ലെന്ന വിവാദ ഫേസ്ബുക്ക് പോസ്റ്റിനും ഖേദം പ്രകടിപ്പിക്കലിനും പിന്നാലെ കഴിഞ്ഞ മാസം യു പ്രതിഭ സോഷ്യൽ മീഡിയ ഉപേക്ഷിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതിഭയോട് നേതൃത്വം വിശദീകരണം തേടിയതിന് പിന്നാലെയാണ് ഫേസ്ബുക്ക് ഉപോക്ഷിച്ചത്. വ്യക്തിപരമായ മനോവിഷമത്തെ തുടർന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ് എന്നായിരുന്നു പ്രതിഭയുടെ വിശദീകരണം.