dhoni

മുംബയ്: ലക്നൗ സൂപ്പർ ജയന്റ്സുമായുള്ള ഐ പി എൽ മത്സരത്തിനിടെ ഫീൽഡ് സെറ്റ് ചെയ്യുകയും ബൗളർമാരെ മാറ്രുകയും ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് താരവും മുൻ ക്യാപ്ടനുമായ മഹേന്ദ്ര സിംഗ് ധോണിയുടെ പെരുമാറ്റം മാന്യതയ്ക്ക് നിരക്കാത്തതായിരുന്നെന്ന് മുൻ ഇന്ത്യൻ താരം അജയ് ജഡേജ. താനും ഒരു വലിയ ധോണി ആരാധകൻ ആണെങ്കിലും ചില കാര്യങ്ങൾ പറയാതിരിക്കാൻ സാധിക്കില്ലെന്ന് അജയ് ജഡേജ പറഞ്ഞു. ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക്ക്ബസിന് നൽകിയ അഭിമുഖത്തിലാണ് അജയ് ജഡേജ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്ടൻ സ്ഥാനത്ത് നിന്ന് മാറാനുള്ള ധോണിയുടെ തീരുമാനം അദ്ദേഹത്തിന്റെ മാത്രമായിരുന്നെന്നും ആ തീരുമാനത്തിലേക്കെത്താൻ ആരും ധോണിയുടെ മേൽ സമ്മർദ്ദം ചെലുത്തിയിരുന്നില്ലെന്നും ജഡേജ പറ‌ഞ്ഞു. തന്റെ കാലശേഷവും ചെന്നൈയ്ക്ക് മികച്ച ക്യാപ്ടൻ വേണമെന്നും അതിന് ഒരാളെ പരിശീലിപ്പിക്കേണ്ടതായുണ്ടെന്നുമുള്ള ധോണിയുടെ തന്നെ തീരുമാനം നടപ്പിലാക്കുകയായിരുന്നു രവീന്ദ്ര ജഡേജയെ ക്യാപ്ടനാക്കിയതിലൂടെ ടീം ചെയ്തത് എന്ന് അജയ് ജഡേജ പറ‌ഞ്ഞു. എന്നാൽ തെറ്റുകളിലൂടെ മാത്രമേ ഒരാൾ ശരി പഠിക്കുകയുള്ളൂവെന്നും തെറ്റ് വരുത്തിയ ഉടൻ രവിന്ദ്ര ജഡേജയെ ആ സ്ഥാനത്ത് നിന്ന് മാറ്റിയാൽ അയാൾ പിന്നെ എങ്ങനെയാണ് പഠിക്കുക എന്നും അജയ് ജഡേജ ചോദിച്ചു. രവിന്ദ്ര ജഡേജയെ മാറ്റിനി‌ർത്തി ധോണി തീരുമാനങ്ങൾ എടുത്തത് വഴി ജഡേജയുടെ ആത്മവിശ്വാസത്തെ കൂടിയാണ് നശിപ്പിച്ചതെന്നും അജയ് ജഡേജ കുറ്റപ്പെടുത്തി.

നിർണായകമായ മത്സരത്തിലായിരുന്നു ഇത്തരമൊരു നീക്കമെങ്കിൽ മനസിലാക്കാമായിരുന്നെന്നും എന്നാൽ ഇത് ടൂർണമെന്റിലെ ആദ്യത്തെ രണ്ട് മത്സരമായിരുന്നെന്നും അജയ് ജഡേജ പറഞ്ഞു. ഐ പി എല്ലിലെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയും രണ്ടാമത്തെ മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെയും രവീന്ദ്ര ജഡേജയെ മാറ്റിനിർത്തി ധോണി ഫീൽഡ് സെറ്റ് ചെയ്യുന്നത് ടി വി സ്ക്രീനിൽ കാണിച്ചിരുന്നു. രണ്ട് അവസരങ്ങളിലും ക്യാപ്ടനായ രവിന്ദ്ര ജഡേജ ഔട്ട്ഫീൽഡിലായിരുന്നു നിന്നിരുന്നത്. ആദ്യ മത്സരത്തിൽ ഇടവേളയ്ക്കിടെ ഗ്രൗണ്ടിലെത്തിയ പരിശീലകൻ സ്റ്റീഫൻ ഫ്ളെമിംഗ് രവീന്ദ്ര ജഡേജയെ മാറ്റിനിർത്തി ധോണിയുമായി ചർച്ച നടത്തിയതും വിവാദമായിരുന്നു.