ajay-devgon-kajol

മുംബയ്: ബോളിവുഡിൽ ഏവരെയും അസൂയപ്പെടുത്തുന്ന ദാമ്പത്യ ജീവിതം നയിക്കുന്നവരാണ് താരദമ്പതികളായ അജയ് ദേവ്ഗണും കജോളും. 23 വർഷമായി വിവാഹജീവിതം നയിക്കുന്ന ഇരുവരുടെയും ദാമ്പത്യജീവിതത്തിൽ കാര്യമായ കല്ലുകടികൾ ഒന്നും ഉണ്ടായിട്ടില്ല. എന്നാൽ ഒരിക്കൽ അജയ് ദേവ്ഗണുമായി പിണങ്ങിയ കജോൾ കുട്ടികളുമായി വീടുവിട്ടിറങ്ങാനും ബന്ധം വേർപ്പെടുത്താനും വരെ തീരുമാനിച്ചിരുന്നു. ബോളിവുഡിലെ മറ്റൊരു നടിയായ കങ്കണ റണൗട്ടുമായി അജയ് ദേവ്ഗണിന് അവിഹിത ബന്ധങ്ങളുണ്ടെന്ന തരത്തിൽ വന്ന വാർത്തകളായിരുന്നു ഇതിന് പിന്നിൽ.

അജയ് ദേവ്ഗണും കങ്കണ റണൗട്ടും ഒരുമിച്ച് അഭിനയിച്ച 'വൺസ് അപ്പൗൺ എ ടൈം ഇൻ മുംബയ്' എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിൽ വച്ച് ഇരുവരും പരസ്പരം അടുത്തെന്ന രീതിയിൽ അക്കാലത്ത് നിരവധി വാർത്തകൾ വന്നിരുന്നു. ഇരുവരെയും ഒരുമിച്ച് കണ്ടതായി പല സിനിമാ വാരികകളും റിപ്പോർട്ടും ചെയ്തിരുന്നു. കങ്കണ തന്റെ നല്ല സുഹൃത്ത് മാത്രമാണെന്നും മറ്റൊരു ബന്ധവും തങ്ങൾ തമ്മിലില്ലെന്നും അജയ് ദേവ്ഗൺ വ്യക്തമാക്കുകയും ചെയ്തിരുന്നു. തുടക്കത്തിൽ കജോൾ ഈ വാർത്തകൾ അത്ര കാര്യമാക്കിയില്ലെങ്കിലും അജയ് ദേവ്ഗണിന്റെ പുതിയ ചിത്രങ്ങളായ തേജ്, റാസ്ക്കൽസ് എന്നീ സിനിമകളിലേക്ക് കങ്കണയെ നടൻ തന്നെ ശുപാർശ ചെയ്തതോടെ കജോളിന്റെ നിറം മാറി.

ഇനിയും ഇത് തുടർന്നാൽ ബന്ധം വേർപ്പെടുത്തേണ്ടി വരുമെന്ന് പറഞ്ഞ് കജോൾ തങ്ങളുടെ രണ്ട് മക്കളുമായി വീട് വിട്ട് ഇറങ്ങാൻ തീരുമാനിച്ചു. അതോടെ അജയ് ദേവ്ഗൺ കങ്കണയുമായുള്ള തന്റെ സകല ബന്ധങ്ങളും ഉപേക്ഷിക്കുകയായിരുന്നു. പിൽക്കാലത്ത് ഒരു അഭിമുഖത്തിൽ ബോളിവുഡ് നടന്മാരിൽ പലർക്കും അവിഹിത ബന്ധങ്ങൾ ഉണ്ടെന്ന് തുറന്ന് സമ്മതിച്ച അജയ് ദേവ്ഗൺ പക്ഷേ ഇത്തരം വാർത്തകളിൽ നിന്നും സ്വയം ഒഴിഞ്ഞു നിൽക്കാനാണ് തന്റെ ശ്രമമെന്നും വ്യക്തമാക്കി.