kk

ന്യൂഡല്‍ഹി : ചരിത്രത്തിലാദ്യമായി രാജ്യസഭയില്‍ എം.പിമാരുടെ എണ്ണത്തില്‍ സെഞ്ച്വറി അടിച്ച് ബി.ജെ.പി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസം, ത്രിപുര, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് മൂന്നുപേര്‍ വിജയിച്ചതോടെ രാജ്യസഭയിലെ ബി.ജെ.പി അംഗങ്ങളുടെ എണ്ണം നൂറിലെത്തി. 1990ന് ശേഷം രാജ്യസഭയിൽ ഒരു പാർട്ടിക്കും 100 അംഗങ്ങളെ തികയ്ക്കാൻ കഴിഞ്ഞിട്ടില്ല. അംഗസംഖ്യ നൂറ് കടന്നെങ്കിലും 245 അംഗ സഭയിൽ ബി.ജെ.പി ഇപ്പോഴും ന്യൂനപക്ഷമാണ്.

അസമില്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ പിഴവിനെത്തുടര്‍ന്ന് ബി.ജെ.പി സഖ്യകക്ഷിയായ യു.പി.പി.എല്ലും വിജയിച്ചു. ആറു സംസ്ഥാനങ്ങളിലെ 13 രാജ്യസഭ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ മാത്രമാണ് ബി.ജെ.പിക്ക് സിറ്റിംഗ് സീറ്റ് നഷ്ടമായത്. പഞ്ചാബില്‍ അഞ്ചുസീറ്റിലും എ.എ.പിയാണ് വിജയിച്ചത്.

2014 ല്‍ രാജ്യസഭയില്‍ ബി.ജെ.പിയുടെ അംഗബലം വെറും 55 മാത്രമായിരുന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ 100 അംഗങ്ങളെ തികയ്ക്കുന്ന ആദ്യ പാര്‍ട്ടിയാണ് ബി.ജെ.പി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള 14 രാജ്യസഭാ സീറ്റുകളിൽ 13ഉം ബി.ജെ.പി നയിക്കുന്ന എൻഡിഎയുടെ കൈവശമായി. അസമിലെ ഒരു സീറ്റ് സ്വതന്ത്രന്റെ കൈവശമാണ്.