wc-draw

ദോഹ: ഖത്തർ ലോകകപ്പിനുള്ള ടീമുകളെ ഗ്രൂപ്പുകളായി തിരിച്ചു. ഇന്ന് ദോഹയിൽ നടന്ന നറുക്കെടുപ്പിലാണ് ടീമുകളുടെ ഗ്രൂപ്പുകൾ തീരുമാനമായത്. ഗ്രൂപ്പ് ഘട്ടത്തിൽ താരതമ്യേന എളുപ്പം മത്സരങ്ങളാണ് ബ്രസീലിനെയും അ‌ർജന്റീനയേയും കാത്തിരിക്കുന്നത്. ഗ്രൂപ്പ് സിയിൽ സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട് എന്നവിരാണ് അർജന്റീനയുടെ ഗ്രൂപ്പ് ഘട്ടത്തിലെ എതിരാളികൾ. ഗ്രൂപ്പ് ജിയിൽ സെർബിയ, സ്വിറ്റ്സർലൻഡ്, കാമറൂൺ എന്നിവർക്കൊപ്പമാണ് ബ്രസീൽ.

ഗ്രൂപ്പ് ബിയിൽ ഇംഗ്ളണ്ടിന് കാര്യങ്ങൾ അത്ര എളുപ്പമായിരിക്കില്ല. ഇറാൻ, യു എസ് എ എന്നിവർക്കൊപ്പം സ്കോട്ട്ലൻഡ്, വെയിൽസ്, ഉക്രെയ്ൻ എന്നിവയിൽ ഏതെങ്കിലും ഒരു ടീം ഗ്രൂപ്പ് ബിയിൽ എത്തും. അട്ടിമറി വീരന്മാരായ യു എസ് എയ്ക്കൊപ്പം ഗൾഫിലെ സാഹചര്യങ്ങൾ വളരെയേരെ അനുകൂലമായ ഇറാനും കൂടി എത്തുന്നതോടെ ഗ്രൂപ്പ് ബിയിൽ ശക്തമായ മത്സരം നടക്കാനാണ് സാദ്ധ്യത.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനും ഇത്തവണ കാര്യങ്ങൾ അത്ര സുഖകരമല്ല. ഗ്രൂപ്പ് എച്ചിൽ ആഫ്രിക്കൻ കരുത്തരായ ഘാന, സുവാരസിന്റെ ഉറുഗ്വേ, ഏഷ്യൻ ശക്തികളായ ദക്ഷിണ കൊറിയ എന്നിവർക്കൊപ്പമാണ് പോർച്ചുഗലിന്റെ സ്ഥാനം. മരണഗ്രൂപ്പിനോളം സമാനമാണ് ഗ്രൂപ്പ് എച്ച്. ഗ്രൂപ്പ് ഇയാണ് ഇത്തവണത്തെ മരണഗ്രൂപ്പ്. മുൻ ചാമ്പ്യന്മാരായ സ്പെയിനും ജർമനിയും ഒരുമിച്ചെത്തുന്ന ഗ്രൂപ്പിൽ, ജപ്പാൻ ആണ് മൂന്നാമത്തെ കരുത്തൻ. ന്യൂസിലാൻഡോ കോസ്റ്റാറിക്കയോ നാലാമനായി എത്തും.

ദോഹയിലെ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിലാണ് നറുക്കെടുപ്പ് നടന്നത്. കൊവിഡ് വ്യാപനവും റഷ്യയുടെ യുക്രെയ്ൻ ആക്രമണവും നിമിത്തം ലോകകപ്പ് യോഗ്യതാ റൗണ്ട് ഇതുവരെയും പൂർത്തിയായിട്ടില്ല. അതിനാൽ തന്നെ 32 അംഗ ലോകകപ്പിനായുള്ള നറുക്കെടുപ്പിൽ 37 ടീമുകളാണ് പങ്കെടുത്തത്. ലോകകപ്പിന്റെ 92 വർഷത്തിനിടെ ആദ്യമായാണ് ഇങ്ങനെയൊരു നറുക്കെടുപ്പ്.

ഗ്രൂപ്പുകൾ ഇങ്ങനെ: ഗ്രൂപ്പ് എ: ഖത്തർ, ഇക്വഡോർ, സെനഗൽ, നെതർലാൻഡ്സ്

ഗ്രൂപ്പ് ബി: ഇംഗ്ലണ്ട്, ഇറാൻ, യുഎസ്എ, സ്കോട്ട്ലൻഡ്/വെയിൽസ്/ഉക്രെയ്ൻ

ഗ്രൂപ്പ് സി: അർജന്റീന, സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട്

ഗ്രൂപ്പ് ഡി: ഫ്രാൻസ്, പെറു/ഓസ്ട്രേലിയ/ഉക്രെയ്ൻ, ഡെൻമാർക്ക്, ടുണീഷ്യ

ഗ്രൂപ്പ് ഇ: സ്പെയിൻ, ന്യൂസിലാൻഡ്/കോസ്റ്റാറിക്ക, ജർമ്മനി, ജപ്പാൻ

ഗ്രൂപ്പ് എഫ്: ബെൽജിയം, കാനഡ, മൊറോക്കോ, ക്രൊയേഷ്യ

ഗ്രൂപ്പ് ജി: ബ്രസീൽ, സെർബിയ, സ്വിറ്റ്സർലൻഡ്, കാമറൂൺ

ഗ്രൂപ്പ് എച്ച്: പോർച്ചുഗൽ, ഘാന, ഉറുഗ്വേ, ദക്ഷിണ കൊറിയ