snake

പാരീസ് : ഗൂഗിൾ മാപ്പിൽ സ്ഥലങ്ങൾ തിരയുന്നത് പലർക്കും ഹോബിയാണ്. അത്തരത്തിൽ ഗൂഗിൾ മാപ്പിൽ തിരച്ചിൽ നടത്തുന്നതിനിടെ കണ്ടെത്തപ്പെട്ട ഒരു കൂറ്റൻ പാമ്പിന്റെ അസ്ഥികൂടം വൈറലാവുകയാണ്. കൂറ്റൻ എന്ന് പറഞ്ഞാൽ, ലോകത്ത് നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്തത്ര ഭീമൻ അസ്ഥികൂടം. ഫ്രഞ്ച് തീരത്ത് ഭൂമിയോട് ചേർന്ന് കിടക്കുന്ന രീതിയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. മാപ്പിൽ ഇത്രത്തോളം വലിപ്പമുണ്ടെങ്കിൽ നേരിൽ എന്താകും അവസ്ഥ ?

അതൊക്കെ നിൽക്കട്ടെ, ഏത് പാമ്പിന്റെ അസ്ഥികൂടമാണിത്.? വൈകാതെ ചിലർ അതിന് ഉത്തരവുമായി രംഗത്തെത്തി. കോടിക്കണക്കിന് വർഷങ്ങൾക്ക് മുന്നേ ഭൂമുഖത്ത് ജീവിച്ചിരുന്ന ' ടൈറ്റനോബോവ " എന്ന പുരാതന പാമ്പിന്റെ അസ്ഥികൂടമായിരിക്കാമത്രെ ഇത്. ! ഇതോടെ ടൈറ്റനോബോവയുടെ ഫോസിൽ കണ്ടെത്തിയെന്ന തരത്തിൽ വീഡിയോയും പ്രചരിക്കാൻ തുടങ്ങി.

എന്നാൽ, അധികം വൈകാതെ സത്യം സോഷ്യൽ മീഡിയ തന്നെ പൊളിച്ചടുക്കി. യഥാർത്ഥത്തിൽ ഇത് പാമ്പിന്റെ അസ്ഥികൂടമല്ല. അതേ മാതൃകയിൽ നിർമ്മിക്കപ്പെട്ട ഒരു ശില്പമാണ്. ' ലേ സെർപെന്റ് ഡി ഓഷൻ " എന്നാണ് 425 അടി നീളമുള്ള ഈ കൂറ്റൻ ശില്പത്തിന്റെ പേര്. ചൈനീസ് - ഫ്രഞ്ച് ശില്പിയായ ഹുവാംഗ് യോംഗ് പിംഗ് ആണ് ഫ്രാൻസിന്റെ പടിഞ്ഞാറൻ തീരത്ത് ഈ അലൂമിനിയം ശില്പം നിർമ്മിച്ചത്. 2012ലാണ് ശില്പം നിർമ്മിച്ചത്.

ഫ്രാൻസിലെ ലോയർ നദി സെന്റ് ബ്രെവിൻ ലെസ് പിൻസ് പട്ടണത്തിൽ വച്ച് കടലുമായി ചേരുന്ന ഭാഗത്തെ ബീച്ചിലാണ് ഈ ശില്പമുള്ളത്. കടലിൽ നിന്ന് കരയിലേക്ക് ഇഴഞ്ഞ് നീങ്ങുന്നതായി തോന്നിക്കുന്ന തരത്തിലാണ് ശില്പം നിർമ്മിച്ചിരിക്കുന്നത്.

 ടൈറ്റനോബോവ

തെക്കേ അമേരിക്കയിലെ സെറെജോൻ കൽക്കരി ഖനിയിൽ നടന്ന ഗവേഷണങ്ങളിലൂടെയാണ് കോടിക്കണക്കിന് വർഷങ്ങൾക്ക് മുന്നേ ജീവിച്ചിരുന്ന കൂറ്റൻ പാമ്പായ ടൈറ്റനോബോവയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരം ശാസ്ത്രലോകം അറിയുന്നത്. 28 ടൈറ്റനോബോവകളുടെ ഫോസിലാണ് ഗവേഷകർ ഇവിടെ നിന്നും കണ്ടെത്തിയത്.

ടൈറ്റനോബോവ സെറെജോനെൻസിസ് (Titanoboa Cerrejonensis) എന്നാണ് ഇവയ്ക്ക് ശാസ്ത്രലോകം നൽകിയിരിക്കുന്ന പേര്. ലോകത്ത് ഇതേ വരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാമ്പാണ് ടൈറ്റനോബോവകൾ.

60 മില്ല്യൺ വർഷങ്ങൾക്കു മുമ്പ് ദിനോസറുകളുടെ കാലത്താണ് ഈ ഭീമൻമാർ ജീവിച്ചിരുന്നത്. 40 മുതൽ 50 അടി വരെ നിളം ഉണ്ടായിരുന്ന ഇവയ്ക്ക് ഏകദേശം 1135 കിലോഗ്രാം ഭാരം ഉണ്ടായിരുന്നു. ടൈറ്റനോബോവകളുടെ ശരീരത്തിന്റെ ഏറ്റവും വണ്ണം കൂടിയ ഭാഗത്തിന്റെ വ്യാസം 3 അടിയോളം വരും. അതായത് ഒരു മുനുഷ്യന്റെ അരയ്ക്കോളം പോക്കം ! ടൈറ്റനോബോവയുടെ ഘടന ബോവ കൺസ്ട്രികടറുമായി (പെരുമ്പാമ്പ് ) സാമ്യം ഉള്ളതായിരുന്നു.


ടൈറ്റനോബോവയുടെ ഫോസിൽ ലഭിച്ച സെറെജോൻ ഖനി പ്രദേശം പുരാതന കാലത്ത് ചതുപ്പു നിലങ്ങൾ നിറഞ്ഞ വനമേഖലയായിരുന്നത്രെ. ഈ ഭീമൻ പാമ്പുകളുടെ വിഹാര കേന്ദ്രമായിരുന്നു അവിടം.
അന്ന് തെക്കൻ അമേരിക്കൻ മഴക്കാടുകളിലെ ആവാസവ്യവസ്ഥ വളരെ വ്യത്യസ്‌തമായിരുന്നു.

ഉഷ്‌ണ കാലാവസ്ഥ ഇവയുടെ വലിപ്പത്തെ സ്വാധീനിച്ചിരുന്നിരിക്കണമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.

ഇന്നത്തേതിൽ നിന്നും വ്യത്യസ്‌തമായി സെറെജോൻ പ്രദേശത്ത് 30 - 34 ഡിഗ്രി സെൽഷ്യസ് താപനിലയിരിന്നിരിക്കണം. ശീതരക്ത ജീവികളായ പാമ്പുകൾക്ക് ശരീരത്തിനുള്ളിലെ ഉപാപചയ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ ചൂട് കാലാവസ്ഥ അനിവാര്യമാണ്. ഇതായിരിക്കണം ടൈറ്റനോബോവകൾ എന്ന ഭീമൻമാരുടെ നിലനിൽപിനെ സ്വാധീനിച്ച ഘടകം.

അനാക്കോണ്ടയെപ്പോലെ വിഷമില്ലാത്തവയായിരുന്നെങ്കിലും മനുഷ്യരെയൊക്കൊ കൂളായി അകത്താക്കാൻ കഴിയുന്ന ഭീകരൻമാരായിരുന്നു ടൈറ്റനോബോവകൾ.