sri-lanka

കൊളംബോ: ശ്രീലങ്കയിൽ പ്രസിഡന്റ് ഗോതബയ രജപക്സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്ന പ്രഖ്യാപനം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ഭരണകൂടത്തിനെതിരെ വ്യാപക പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയതിന് പിന്നാലെയാണ് നീക്കം. ഇതോടെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ തടവിലാക്കാനും സൈന്യത്തിന് കഴിയും. വ്യാഴാഴ്ച അർദ്ധ രാത്രിയോടെ പ്രസിഡന്റ് ഗോതബയ രജപക്സെയുടെ വസതിയ്ക്ക് മുന്നിൽ പ്രതിഷേധിച്ച അയ്യായിരത്തോളം പേരിൽ ഒരു സ്ത്രീയടക്കം 54 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഗോതബയ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് ' ഗോ ഹോം ഗോട്ട,​ ഗോ ഹോം ! " തുടങ്ങിയ മുദ്രാവാക്യങ്ങളുമായി നടന്ന ജനകീയ മാർച്ച് അക്രമത്തിൽ കലാശിച്ചതോടെ കൊളംബോ നോർത്ത്, സൗത്ത്, സെൻട്രൽ, നുഗെഗോഡ, മൗണ്ട്ന ലാവിനിയ, കെലാനിയ എന്നിവിടങ്ങളിൽ പൊലീസ് കർഫ്യൂ പ്രഖ്യാപിച്ചു. പിന്നാലെ പിൻവലിച്ചു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചെന്നാണ് റിപ്പോർട്ട്. ഗോതബയയുടെ വസതിയിലേക്ക് പോകുന്ന റോഡിൽ നിറുത്തിയിട്ടിരുന്ന ബസ് പ്രതിഷേധക്കാർ കത്തിച്ചിരുന്നു. രണ്ട് പൊലീസ് ജീപ്പും രണ്ട് ബൈക്കും സമരക്കാർ തീവച്ച് നശിപ്പിച്ചു. ഏറ്റുമുട്ടലിൽ അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. പ്രസിഡന്റിന്റെ വീടിന് സുരക്ഷ കൂട്ടാൻ കര, നാവിക സേനാംഗങ്ങളെ വിന്യസിച്ചു. രാജ്യത്ത് ഡീസൽ വിതരണം നിലച്ചതിന് പിന്നാലെയാണ് ജനം തെരുവിലിറങ്ങിയത്. 13 മണിക്കൂർ പവർകട്ട് 2 കോടിയിലേറെ ജനങ്ങളെ ഇരുട്ടിലാഴ്ത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെയും പ്രതിഷേധങ്ങൾ അരങ്ങേറി. രാജ്യത്തെ പാചക വാതക വില ഉടൻ കൂടുമെന്നാണ് വിവരം. അതേ സമയം, മൊരാതുവായിൽ മേയർ സോമൻ ലാൽ ഫെർനാൻഡോയുടെ വസതിയ്ക്ക് നേരെ ഇന്നലെ കല്ലേറ് നടന്നു.