
ലോസ് ആഞ്ചലസ്: അക്കാഡമി ഒഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസിൽ നിന്ന് ഹോളിവുഡ് നടൻ വിൽ സ്മിത്ത് രാജിവച്ചു. ഓസ്‌കാര്‍ വേദിയിൽ വച്ച് അവതാരകൻ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചാണ് രാജി.
അവാർഡ് വിതരണ ചടങ്ങിലെ തന്റെ പെരുമാറ്റം മാപ്പർഹിക്കാത്തതാണ്. അക്കാഡമി അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായില്ല. വേദനയുണ്ട്. എന്ത് നടപടിയും സ്വീകരിക്കാൻ തയ്യാറാണെന്നും വിൽ സ്മിത്ത് അറിയിച്ചു.
വിൽ സ്മിത്തിന്റെ രാജി സ്വീകരിച്ചെന്ന് അക്കാഡമി പ്രസിഡന്റ് അറിയിച്ചു. അച്ചടക്ക നടപടി എടുക്കുമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു. സ്മിത്തിനെതിരെയുള്ള നടപടി തീരുമാനിക്കാനുള്ള യോഗം ഏപ്രിൽ 18ന് ചേരും. സംഭവത്തിൽ നടനോട് അക്കാഡമി വിശദീകരണം തേടിയിരുന്നു.
ഭാര്യ ജെയ്ഡയെ പരിഹസിച്ചതിന്റെ പേരിലാണ് സ്മിത്ത് ഓസ്കാർ വേദിയിൽ വച്ച് അവതാരകൻ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത്. അകാരണമായി തലമുടി കൊഴിഞ്ഞു പോകുന്ന അലോപേഷ്യ എന്ന രോഗം നേരിടുന്ന ജെയ്ഡയുടെ രൂപത്തെയാണ് അവതാരകൻ പരിഹസിച്ചത്.