
അഹമ്മദാബാദ്: ഗുജറാത്ത് കടക്കെണിയുടെ വക്കിലെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഒഫ് ഇന്ത്യയുടെ (സി എ ജി) റിപ്പോർട്ട്. സംസ്ഥാന ആഭ്യന്തര വരുമാന (ജിഎസ്‌ഡിപി) വളർച്ച കുത്തനെ ഇടിഞ്ഞു. രാജ്യത്ത് കൊവിഡ് റിപ്പോർട്ട് ചെയ്ത 2020-21 സാമ്പത്തിക വർഷത്തിൽ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കുറവ് ജിഎസ്‌ഡിപി വളർച്ചയാണ് ഗുജറാത്ത് രേഖപ്പെടുത്തിയതെന്നാണ് നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
2020-21 സാമ്പത്തിക വർഷത്തിലായിരുന്നു സംസ്ഥാനത്ത് ലോക്ക് ഡൗണും മറ്റു കൊവിഡ് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയത്.ദേശീയ വളർച്ചാ നിരക്കിനെ അപേക്ഷിച്ച് 2016-17 മുതൽ 2020-21 വരെയുള്ള കാലയളവിൽ ഗുജറാത്തിന്റെ ജിഎസ്‌ഡിപി ഉയർന്ന നിരക്കിലായിരുന്നു.
2016-17ൽ 13.43 ശതമാനവും 2017-18ൽ 13.87 ശതമാനവും 2018-19ൽ 13.08 ശതമാനവും 2019-20ൽ 9.75 ശതമാനവുമാണ് ജിഎസ്‌ഡിപി. എന്നാൽ 2020-21ൽ 0.57 ശതമാനമായിരുന്നു വളർച്ചാ നിരക്ക്. 2011ൽ സംസ്ഥാനത്തെ ജനസംഖ്യ 6.10 കോടിയായിരുന്നു .എന്നാൽ 2021ൽ ഇത് 7.03 കോടിയായി ഉയർന്നു. അതായത് 15.25 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
ഗുജറാത്തിലെ 97 പൊതുമേഖലാ സ്ഥാപനങ്ങളും കൂടി 30,400 കോടി രൂപയുടെ നഷ്ടം വരുത്തിയെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു. ഒരു നിശ്ചിത കാലയളവിൽ ഒരു സംസ്ഥാനത്തിന്റെ അതിർത്തിക്കുള്ളിൽ ഉൽപ്പാദിപ്പിക്കുന്ന എല്ലാ ചരക്കുകളുടെയും സേവനങ്ങളുടെയും മൂല്യമാണ് ജി എസ് ഡി പി.