
കോട്ടയം: ഐ എൻ ടി യു സിയും വി ഡി സതീശനും തമ്മിലുള്ള പോര് മുറുകുന്നു. കോൺഗ്രസിന്റെ പോഷക സംഘടനയല്ല ഐ എൻ ടി യു സിയെന്ന വി ഡി സതീശന്‍റെ പ്രസ്താവനയ്‌ക്കെതിരെ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയതോടെ കാര്യങ്ങൾ കൂടുതൽ വഷളാവുകയാണ്. ഐ എൻ ടി യു സി പ്രവർത്തകർ ചങ്ങനാശ്ശേരിയിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വം അസ്വസ്ഥരാണ്. പ്രതിഷേധം നടത്തിയവര്‍ക്കെതിരെ നടപടി വൈകുന്നതില്‍ വി ഡി സതീശനും അതൃപ്തിയുണ്ട്.
ഇതിനിടെ അച്ചടക്ക നടപടിയെ ഭയക്കുന്നില്ലെന്ന് വെളിപ്പെടുത്തി ഐ എൻ ടി യു സി നേതാവ് പി പി തോമസ് രംഗത്തെത്തിയിട്ടുണ്ട്. തങ്ങൾ പ്രകടിപ്പിച്ചത് തൊഴിലാളികളുടെ വികാരമാണെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ പിന്നിൽ മറ്റാരുമില്ലെന്നും പി പി തോമസ് ചൂണ്ടിക്കാട്ടി.
ചെന്നിത്തലയുടെ പ്രതിനിധി കാണാൻ വിളിച്ചിരുന്നുവെന്നും ഐ എൻ ടി യു സി നേതാവ് വ്യക്തമാക്കി. സതീശന്റെ കൂടെയാണ് കുത്തിത്തിരുപ്പുകാരുള്ളതെന്നും പി പി തോമസ് ആരോപിച്ചു. ഇക്കാലമത്രയും ഐഎന്‍ടിയുസി കോണ്‍ഗ്രസിനൊപ്പമാണ്. സതീശന്‍ തള്ളിപ്പറഞ്ഞത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐ എൻ ടി യു സി കോൺഗ്രസിന്റെ പോഷക സംഘടനയല്ല എന്നും ഇവർ കോൺഗ്രസിന്റെ അവിഭാജ്യ ഘടകമാണെന്ന് വേണമെങ്കിൽ പറയാമെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയാണ് പ്രതിഷേധത്തിലേയ്ക്ക് നയിച്ചത്.
ദേശീയ പണിമുടക്കിൽ സി ഐ ടി യു നടത്തിയ അക്രമങ്ങളെ അപലപിച്ചപ്പോൾ ഐ എൻ ടി യു സിയും സമരത്തിലുണ്ടായിരുന്നെന്ന് മാദ്ധ്യമ പ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു സതീശന്റെ പ്രസ്താവന. ചങ്ങനാശേരിയിൽ തനിക്കെതിരെ പ്രകടനം നടത്തിയതിന് പിന്നിൽ പാർട്ടിയിലെ കുത്തിത്തിരിപ്പ് സംഘമാണ്. കുത്തിത്തിരിപ്പുകാരെ എവിടെ നിറുത്തണമെന്ന് അറിയാവുന്ന നേതൃത്വമാണ് കോൺഗ്രസിനുള്ളതെന്നും സതീശൻ പറഞ്ഞിരുന്നു.
അതേസമയം സതീശനെ തള്ളി മുൻ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തിയിരുന്നു. ഐ എൻ ടി യു സി കോൺഗ്രസിന്റെ പോഷക സംഘടന തന്നെയെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞതെന്താണെന്ന് അറിയില്ലെന്നും ഐ എൻ ടി യു സി പ്രതിപക്ഷ നേതാവിനെതിരെ പ്രകടനം നടത്തിയത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്നവർ ഇപ്പോഴും പാർട്ടിക്കകത്ത് തന്നെ ഉണ്ടെന്ന പ്രസ്ഥാവനയുമായി തിരുവഞ്ചൂർ രാധാകൃഷ്ണനും രംഗത്തെത്തിയിട്ടുണ്ട്. നവമാധ്യമങ്ങൾ ഉപയോഗിച്ച് കോൺഗ്രസിന്റെ രാഷ്ട്രീയം പറയാതെ കോൺഗ്രസ് നേതാക്കളെ അപമാനിക്കാനാണ് ചിലർ ശ്രമിക്കുന്നത്. അച്ചടക്ക സമിതി ചെയർമാൻ എന്ന നിലയിൽ നോക്കുകുത്തിയായി മാറില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.
സതീശനും ഐ എൻ ടി യു സിയും തമ്മിൽ പോര് മുറുകിയതിന് പിന്നാലെ കോൺഗ്രസ് നേതാക്കൾക്കെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ ആക്ഷേപം തുടരുകയാണ്. കോൺഗ്രസ് നേതൃത്വം വിഷയത്തിൽ കടുത്ത അസംതൃപ്‌തിയിലാണ്. ഈ വേളയിലാണ് അച്ചടക്ക സമിതി ചെയർമാനായ തിരുവഞ്ചൂരിന്റെ പ്രതികരണം.