
കൊച്ചി: അഗ്നിശമന സേനാംഗങ്ങൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയത് ഗുരുതര വീഴ്‌ചയെന്ന് കണ്ടെത്തൽ. സംഭവത്തിൽ ആഭ്യന്തര സെക്രട്ടറിക്ക് ഫയർഫോഴ്സ് മേധാവി ബി സന്ധ്യ റിപ്പോർട്ട് സമർപ്പിച്ചു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ക്ലാസെടുത്ത ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിയുണ്ടായേക്കും.
പോപ്പുലർ ഫ്രണ്ട് പുതുതായി രൂപം നൽകിയ റെസ്‌ക്യൂ ആൻഡ് റിലീഫ് സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലായിരുന്നു സംഭവം. ബുധനാഴ്ച ആലുവയിൽ നടന്ന പരിപാടിയിൽ അപകടത്തിൽപ്പെട്ട ഒരാളെ രക്ഷപ്പെടുത്തുന്നതിന്റെ വിവിധ രീതികളും, ഉപകരണങ്ങൾ ഉപയോഗിക്കുന്ന വിധവുമൊക്കെയാണ് ഉദ്യോഗസ്ഥർ പഠിപ്പിച്ചുകൊടുത്തത്.
പോപ്പുലർ ഫ്രണ്ടിന് പരിശീലനം നൽകിയത് ചട്ടലംഘനമെന്ന് കാട്ടി ബിജെപി നേതാക്കൾ അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. സംഭവം വിവാദമായതോടെ അഗ്നിശമനസേനാ മേധാവി ബി സന്ധ്യ അന്വേഷണത്തിന് ഉത്തരവിട്ടു. എറണാകുളം റീജണൽ ഫയർ ഓഫീസർ, ജില്ലാ ഫയർ ഓഫീസർ, ക്ലാസെടുത്ത മൂന്ന് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാവും നടപടിയുണ്ടാകുക.
പരിശീലനം നൽകാനിടയായ സാഹചര്യം വിശദീകരിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുശേഷമായിരിക്കും നടപടിയെടുക്കുക. സംഭവത്തിൽ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നാണ് ചില ഉദ്യോഗസ്ഥർ പറയുന്നത്.