
തിരുവനന്തപുരം: പെട്രോളിനും ഡീസലിനും കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ വരുത്തിയ വില വർദ്ധന സർവഥാ വിലക്കയറ്റത്തിൽ പൊറുതി മുട്ടിയ ജനങ്ങളെ എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് എറിഞ്ഞപ്പോൾ, സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സംസ്ഥാനത്തിന് ഇത് അപ്രതീക്ഷിത സമ്മാനമായി.
സംസ്ഥാന സർക്കാരിന്റെ തനത് നികുതി വരുമാനത്തിന്റെ 40 ശതമാനവും പെട്രോളിലും ഡീസലിലും നിന്നാണ്. പ്രതിമാസം 850 കോടിയോളം രൂപ. കഴിഞ്ഞ ഒരാഴ്ചയിലെ വിലവർദ്ധനയിലൂടെ പ്രതിമാസം 46 കോടിയിലേറെ രൂപയുടെ അധിക വരുമാനമാണ് സർക്കാരിന് കിട്ടും.അതേ സമയം ജനങ്ങളുടെ പോക്കറ്റിൽ നിന്ന് അധികമായി ചോരുന്നത് 211 കോടി രൂപയും.
യുദ്ധം മൂലം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഒായിലിന്റെ വില കുതിച്ചുയർന്ന് ബാരലിന് 130 ഡോളറായി ഉയർന്നിരുന്നു. എന്നാൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന നികുതിയാണ് യഥാർത്ഥത്തിൽ വില ഭീമമായി കൂടാനിടയാക്കുന്നത്. അടിസ്ഥാന വിലയ്ക്ക് പുറമെ എക്സൈസ് ഡ്യൂട്ടി, ട്രാൻസ്പോർട്ടേഷൻ ചാർജ്ജ്, സെയിൽസ് ടാക്സ്, അഡീഷണൽ സെയിൽസ് ടാക്സ്, സോഷ്യൽ സെക്യുരിറ്റി സെസ്, ഡീലർ കമ്മിഷൻ തുടങ്ങിവ ചേർന്നാണ് പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിലയിലെത്തുന്നത്.
കേരളത്തിൽ പെട്രോളിന് 30.08% സെയിൽസ് ടാക്സും, ഒരു രൂപ അഡീഷണൽ സെയിൽസ് ടാക്സും ഒരു ശതമാനം സാമൂഹ്യസുരക്ഷാസെസും, ഡീസലിന് 22.76%സെയിൽസ് ടാക്സും ഒരു രൂപ അഡീഷണൽ സെയിൽസ് ടാക്സും ഒരു ശതമാനം സാമൂഹ്യസുരക്ഷാസെസും ഉൾപ്പെടെയാണ് വില നിർണ്ണയിക്കുന്നത്. നൂറ് രൂപയ്ക്ക് പെട്രോൾ വിൽക്കുമ്പോൾ സംസ്ഥാനത്തിന് 22.96 രൂപയും, ഡീസലിന് 35.63 രൂപയും കിട്ടും.
സംസ്ഥാനത്ത് ഒരു ദിവസം വിറ്റഴിക്കുന്ന പെട്രോളിന്റെയും ഡീസലിന്റെയും അളവ് 116ലക്ഷം ലിറ്ററാണ്. ഇതനുസരിച്ച് ഒരു രൂപ ഡീസലിലും പെട്രോളിലും കൂടിയാൽ പോലും ദിവസം 25 മുതൽ 30 ലക്ഷം രൂപവരെ സംസ്ഥാനത്തിന് അധികമായി കിട്ടും.
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ സംസ്ഥാനത്ത് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ ആറു രൂപയിൽ കൂടുതൽ വർദ്ധനവുണ്ടായി. ഇതനുസരിച്ച് ദിവസം കുറഞ്ഞത് 1.53 കോടിരൂപയാണ് സംസ്ഥാന ഖജനാവിലേക്ക് അധികമായി എത്തുന്നത്. മാസത്തിൽ 46 കോടി രൂപ. ഇതിന് പുറമെ, കേന്ദ്രം പിരിച്ചെടുക്കുന്ന എക്സൈസ് നികുതിയിലെ ഒരു വിഹിതവും സംസ്ഥാനത്തിന് കിട്ടും. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ധനവില ഇനിയും കൂടാനാണ് സാദ്ധ്യത.
 നികുതി കുറയ്‌ക്കാതെ സംസ്ഥാനവും
2018ലാണ് ഏറ്റവുമൊടുവിൽ സംസ്ഥാനം നികുതിയിൽ കുറവ് വരുത്തിയത്. അന്ന് ഡീസിലിന്റെ നികുതി 24.52%ൽ നിന്ന് 22.76%ആയും പെട്രോളിന് 31.8%ൽ നിന്ന് 30.8% ആയും കുറച്ചിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ കേന്ദ്രസർക്കാർ പെട്രോളിന് 5രൂപയും ഡീസലിന് 10രൂപയും കുറച്ചിരുന്നു. എന്നാൽ അന്ന് സംസ്ഥാനം നികുതി കുറച്ചില്ല .
കഴിഞ്ഞ ഒരാഴ്ചയിലെ വില വ്യത്യാസം (തിരുവനന്തപുരത്ത്)
 പെട്രോൾ ലിറ്ററിന് 107.12 രൂപ - ഇന്നലെ 113.27 രൂപ.  ഡീസൽ ലിറ്ററിന് 94.22 രൂപ - ഇന്നലെ 100.16 രൂപ.