rema

ആലപ്പുഴ: ഇന്നലെ അന്തരിച്ച, തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ ഫോറൻസിക് മേധാവിയും നടൻ ജഗദീഷിന്റെ ഭാര്യയുമായ ഡോ.രമ ആലപ്പുഴ മെഡിക്കൽ കോളേജിൽ സേവനം അനുഷ്ഠിക്കുമ്പോഴാണ് കോളിളക്കം സൃഷ്ടിച്ച സിസ്റ്റർ അഭയ കേസിന്റെ ഭാഗമാകുന്നത്.

കേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫി കൃത്രിമമായി കന്യാചർമ്മം വച്ചു പിടിപ്പിക്കുന്ന ഹൈമനോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുണ്ടെന്ന് ഡോ.രമയും ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ.ലളിതാംബിക കരുണാകരനുമാണ് പരിശോധന നടത്തി സ്ഥിരീകരിച്ചത്.

കേസിലെ നിർണായകമായ സാക്ഷിമൊഴിയായിരുന്നു ഇത്. 2019ലാണ് ഇരുവരും മൊഴി നൽകി കേസിന്റെ ഭാഗമാകുന്നത്. ഡോ.രമ മൂന്ന് വർഷത്തോളം ആലപ്പുഴയിൽ ഉണ്ടായിരുന്നെങ്കിലും, സിസ്റ്റർ സെഫിയുടെ പരിശോധനയുമായി ബന്ധപ്പെട്ടാണ് ഒരുമിച്ച് പ്രവർത്തിച്ചതെന്ന് ഡോ.ലളിതാംബിക ഓർമ്മിക്കുന്നു.

മിടുക്കും കാര്യപ്രാപ്‌തിയും ചുറുചുറുക്കുമുള്ള വ്യക്തിയെന്നാണ് ഡോ.ലളിതാംബിക ഡോ.രമയെ വിശേഷിപ്പിക്കുന്നത്. കേസിന്റെ അവസാന നാളുകളിൽ രോഗബാധിതയായി കിടപ്പിലായിരുന്ന ഡോ.രമയ്ക്കെതിരെ പ്രതിഭാഗം രംഗത്തെത്തിയിരുന്നു.

വിസ്താരത്തിന് മുമ്പ്, അവർ മൊഴി നൽകാൻ പ്രാപ്തയാണോയെന്നറിയാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതി സെഫി സമർപ്പിച്ച ഹർജി തിരുവനന്തപുരം സി.ബി.ഐ കോടതി തള്ളിയിരുന്നു.