k-rail

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കെ റെയിൽ പദ്ധതിക്കെതിരായി ജനങ്ങളെ ബോധവത്കരണം ചെയ്യാൻ ഇറങ്ങിത്തിരിച്ച ബി ജെ പി നേതാവും കേന്ദ്ര മന്ത്രിയുമായ വി മുരളീധരൻ ചെന്നുപ്പെട്ടത് കമ്മ്യൂണിസ്റ്റ് പാളയത്ത്. ഒടുവിൽ പ്രതിരോധ യാത്ര ഉപേക്ഷിച്ച് തിരികെ പോകേണ്ടി വന്നു.

ഞങ്ങൾക്ക് ഒരു രൂപയും വേണ്ട ഞങ്ങൾ സർക്കാരിന്റെ വികസനപദ്ധതിക്കൊപ്പമെന്ന് വീട്ടമ്മ ആവർത്തിച്ചതോടെ മുരളീധരന് എതിർക്കാൻ വാക്കുകളില്ലാതെയാവുകയായിരുന്നു. വീടുകൾ തോറും പദ്ധതിക്കെതിരായി പ്രചാരണം നടത്തുകയായിരുന്നു കേന്ദ്രമന്ത്രി. തിരുവനന്തപുരത്ത് കഴക്കൂട്ടത്താണ് സംഭവം നടന്നത്. സിപിഎം കൗൺസിലർ എൽ എസ് കവിതയുടെ വീട്ടിലെത്തിയപ്പോഴാണ് വി മുരളീധരന് ദുരനുഭവം നേരിടേണ്ടി വന്നത്. ഇന്ന് രാവിലെ മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയപ്പോൾ കൗൺസിലറുടെ മാതാപിതാക്കൾ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

'രണ്ട് പെൺമക്കളുടെ അമ്മയാണ് ഞാൻ. പദ്ധതിക്കായി വസ്‌തു നൽകും. ഞങ്ങൾ സർക്കാരിനൊപ്പമാണ്. ആരെതിർത്താലും പദ്ധതി നടപ്പിലാകുമെന്നും' വീട്ടമ്മ വെല്ലുവിളിച്ചു. സാർ ഒന്നും പറയേണ്ടെന്ന വീട്ടമ്മയുടെ വാക്കുകൾക്ക് ഇതാണ് സിപിഎമ്മിന്റെ നയമെന്ന് മന്ത്രി മറുപടിയും നൽകി. ഇങ്ങോട്ടൊന്നും കേൾക്കണ്ട അങ്ങോട്ടു പറയുന്നത് മാത്രം കേട്ടാൽ മതിയെന്ന രീതിയാണ് സിപിഎമ്മിന്. നിങ്ങൾക്ക് ഭൂമി ഇഷ്ടം പോലെയുണ്ടെങ്കിൽ കൊടുക്കാമെന്നും മന്ത്രി പറഞ്ഞു.

'ഒന്നരമണിക്കൂർ കൊണ്ട് ആരുടെയും കൂട്ടില്ലാതെ തനിക്ക് ഗുരുവായൂർ പോകാം. ഞങ്ങൾക്ക് സന്തോഷമേയുള്ളൂ. നാളത്തെ തലമുറയ്ക്ക് പ്രയോജനകരമായ വികസന പദ്ധതിയാണ്. ജീവൻ പോയാലും ഞങ്ങൾ നടപ്പിലാക്കിയിരിക്കുമെന്നും' വീട്ടമ്മ വാദിച്ചു. ജനനായകൻ പിണറായി വിജയൻ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടുമായിരുന്നു വീട്ടമ്മ കേന്ദ്രമന്ത്രിയെ നേരിട്ടത്.

'റെയിൽ വേയ്ക്ക് ഭൂമി നൽകിയത് വികസനമായിരുന്നില്ലേ? ആ വികസനത്തിന് എതിരും കെ റെയിൽ വികസനത്തിന് അനുകൂലവുമാണോ? ഒന്നരമണിക്കൂർ കൊണ്ട് കാസർകോഡ് എത്താമെന്നാണ് സർക്കാർ വാഗ്‌ദാനം. ഇത് വിശ്വസിക്കുന്നുണ്ടോ? റെയിൽ വേയ്ക്ക് അരസെന്റ് ഭൂമി നൽകിയതിനാൽ വീട് വയ്ക്കാൻ സാധിച്ചില്ലെന്നാണ് നിങ്ങൾ പറഞ്ഞത്. പക്ഷേ റെയിൽ വേയ്ക്ക് ജീവൻ വരെ നൽകാൻ തയ്യാറാണെന്നാണ് നിങ്ങൾ പറയുന്നത്. പിണറായി സർക്കാരാണോ മോദി സർക്കാരാണോ എന്നതല്ല വിഷയമെന്നും' വി മുരളീധരൻ പറഞ്ഞു.

പാർട്ടി തീരുമാനത്തിന് എതിരായ മറുപടി സിപിഎം കൗൺസിലറുടെ വീട്ടിൽ നിന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ചല്ല പോയതെന്നും സിപിഎമ്മിന്റെ ആസൂത്രണമായിരുന്നു പ്രതിഷേധമെന്നും വി മുരളീധരൻ സംഭവത്തിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പദ്ധതി സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും വീട്ടുകാർ താത്പര്യം പ്രകടിപ്പിച്ചില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.