gold

പത്തനാപുരം: കളഞ്ഞുകിട്ടിയ സ്വര്‍ണമാല പൊലീസ് സ്റ്റേഷനില്‍ നൽകി വിദ്യാര്‍ത്ഥികള്‍. പത്തനാപുരം നടുക്കുന്ന് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ അജിത്ത്,സായൂജ്,വിശാഖ്, രാഹുൽ എന്നിവരാണ് മാതൃകാപരമായ പ്രവർത്തിയിലൂടെ കെെയടി നേടിയത്.

പത്താം ക്ലാസ് പരീക്ഷയുടെ ഹാള്‍ ടിക്കറ്റും വാങ്ങി വരുന്നതിനിടെയാണ് കടയ്ക്കാമൺ ചെലവന്നൂർ പടിയിലുളള പ്രയാഗ ഗാർഡന് സമീപത്ത് നിന്ന് ഒരു പവനോളം തൂക്കമുള്ള മാല ഇവർക്ക് കളഞ്ഞ് കിട്ടിയത്.

ഉടൻ തന്നെ ഇവർ പൊലീസ് സ്റ്റേഷനിൽ വിളിച്ച് മാല കളഞ്ഞുകിട്ടിയ വിവരം അറിയിച്ചു. ശേഷം ഓട്ടോയിലെത്തി സ്വര്‍ണമാല സ്റ്റേഷനിൽ ഏല്‍‍പ്പിക്കുകയായിരുന്നു. പൊലീസ് സ്വർണമാല അവകാശിയ്ക്ക് കെെമാറി.

മറ്റൊരാള് അദ്ധ്വാനിച്ച് വാങ്ങിയതല്ലേ സാറെ അതുകൊണ്ടാണ് ഞങ്ങള്‍ അത് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത് എന്നാണ് മാല എന്തുകൊണ്ട് സ്വന്തമാക്കിയില്ല എന്ന ചോദ്യത്തിന് കുട്ടികള്‍ നൽകിയ മറുപടി. ഇവരുടെ വീഡിയോ കേരള പൊലീസ് തങ്ങളുടെ ഔദ്യോഗിക പേജില്‍ പങ്കുവച്ചിട്ടുണ്ട്.