sudhakaran

ആലപ്പുഴ: കണ്ണൂരിൽ നടക്കുന്ന 23ാമത് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനാവില്ലെന്ന് മുതിർന്ന നേതാവ് ജി.സുധാകരൻ. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇത്തവണ പാർട്ടി കോൺഗ്രസിന് പങ്കെടുക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം അറിയിച്ചത്. തനിക്ക് പകരമായി ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.മഹേന്ദ്രന്റെ പേര് നിർദ്ദേശിച്ച് അദ്ദേഹം ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകി.

സംസ്ഥാനത്തെ മുതിർന്ന നേതാക്കളിലൊരാളായ ജി.സുധാകരൻ ഇക്കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനത്തോടെ പാർട്ടി സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവായിരുന്നു. തന്നെ ഒഴിവാക്കണമെന്ന് അദ്ദേഹം പാർട്ടി നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. തുടർന്ന് പ്രായപരിധി നിശ്ചയിച്ചുള‌ള സിപിഎം പൊതുനിലപാട് അംഗീകരിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയനൊഴികെ 75 വയസ് കഴിഞ്ഞ മുതിർന്ന നേതാക്കളെല്ലാം സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. ഒപ്പം ജി.സുധാകരനും.

ഇനിമുതൽ താൻ ബ്രാഞ്ച് തലത്തിൽ പ്രവർത്തിക്കുമെന്നാണ് അന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. സിപിഎമ്മിലെ ബദൽരേഖ വിവാദം ഉണ്ടായ സമയത്ത് അതിനെതിരെ ശക്തമായ നിലപാട് സമ്മേളനത്തിൽ സ്വീകരിച്ച് ശ്രദ്ധേയനായ നേതാവാണ് ജി.സുധാകരൻ. വി.എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തും ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും മന്ത്രിസഭാംഗമായിരുന്നു അദ്ദേഹം.