
പുതിയ ആൾക്കാർക്കൊപ്പം വർക്ക് ചെയ്യാനിഷ്‌ടപ്പെടുന്നയാളാണ് നടൻ അനൂപ് മേനോൻ. അവർ കഥ പറയാനെത്തുമ്പോൾ വർഷങ്ങൾക്ക് മുമ്പുള്ള തന്റെ കാലമാണ് ഓർമ വരുന്നതെന്ന് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
'പുതിയ ആൾക്കാർ വന്ന് നമ്മളോട് കഥ പറയുമ്പോൾ വർഷങ്ങൾക്ക് മുമ്പുള്ള നമ്മളെ പഴയ നമ്മുടെ കാലം ആലോചിക്കും. കഥ പറയാൻ വരുമ്പോൾ ഞാൻ ഇവിടന്ന് എന്തു പറയുമെന്ന് കാത്ത് അവന്റെ അച്ഛനും അമ്മയും ഇരിക്കുന്നുണ്ടാകും. പുറത്തിറങ്ങിയാൽ അവൻ ആദ്യം വിളിക്കുന്നത് അവരെയായിരിക്കും.
ആ കാത്തിരിപ്പാണ് നമ്മൾ നിഷ്‌കരുണം തട്ടിക്കളയുന്നത്. ഇതേ അവസ്ഥയിലൂടെ നമ്മളും കടന്നു പോയിട്ടുണ്ട്. എനിക്ക് ചെയ്യാവുന്ന കാര്യങ്ങൾക്ക് പരിമിതിയുണ്ട്. പക്ഷേ പറ്റാവുന്ന കാര്യങ്ങൾ ചെയ്തു കൊടുക്കാൻ നോക്കും."
പനയമുട്ടം സുരയുടെ ജീവിതം പറഞ്ഞ ഡോൾഫിൻസിന്റെ യഥാർത്ഥ തിരക്കഥ അതായിരുന്നില്ലെന്നും സുരേഷ് ഗോപിയെ വച്ച് പഴയ തിരക്കഥയിൽ മറ്റൊരു സിനിമ ആലോചിക്കുന്നുണ്ടെന്നും അനൂപ് മേനോൻ പറഞ്ഞു.
'ഇന്നും ആ സിനിമയിൽ എല്ലാവരും ഏറ്റവും ഇഷ്ടപ്പെടുന്നത് ക്ലൈമാക്‌സ് സീനാണ്. ചിത്രത്തിൽ സുരേഷേട്ടനും കൽപ്പന ചേച്ചിയും അരുൾ ജ്യോതിയിലിരുന്ന് മസാല ദോശ കഴിക്കുന്നതും സെക്രട്ടറിയേറ്റിന് മുന്നിലൂടെ നടന്നു പോകുന്നതും മാത്രമേ ഒറിജിനൽ തിരക്കഥയിൽ ഉള്ളതായിട്ടുള്ളൂ.
ബാക്കിയെല്ലാം മാറ്റിയെഴുതിയതാണ്. ആദ്യത്തെ നാൽപതോളം സീനുകൾ മാറ്റി വച്ചിട്ടാണ് പുതിയ സിനിമ ചെയ്തിരിക്കുന്നത്. കാരണം ഒരു ഘട്ടമെത്തിയപ്പോഴേക്കും സിനിമ മുന്നോട്ട് പോയില്ല. സുരേഷേട്ടൻ കാശ് തന്നതുകൊണ്ടാണ് നിന്നുപോയ സിനിമ വീണ്ടും മുന്നോട്ട് പോയത്.
ഇത് എവിടെയും പറഞ്ഞിട്ടില്ല. ഈ പറയുന്നത് അദ്ദേഹത്തിന് ഇഷ്ടപ്പെടുമോയെന്നും അറിയില്ല. പൈസ എന്റെ കൈയിലേക്കാണ് അദ്ദേഹം വച്ചുതന്നത്. യൂണിറ്റുകാരൊന്നും ഇറങ്ങാതിരുന്ന സമയത്ത് ആ പൈസ വച്ചാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്.
ദ്രവ്യം എന്നായിരുന്നു സിനിമയ്‌ക്ക് ആദ്യം പേരിട്ടത്. അന്ന് വേറൊരു രീതിയിലായിരുന്നു കഥ എഴുതിയത്. ആ കഥ ഇപ്പോഴും കൈയിലുണ്ട്. സുരേഷേട്ടനെ വച്ച് തന്നെ ആ സിനിമ ഒന്നുകൂടി ചെയ്യണമെന്നുണ്ട്. " അനൂപ് മേനോൻ പറഞ്ഞു.