
ന്യൂഡൽഹി: പ്രതിരോധ,വാണിജ്യ കാര്യങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരുമായി ചർച്ചയ്‌ക്ക് ചൈനയുടെയും റഷ്യയുടെയും മന്ത്രിമാർ ഇന്ത്യയിലെത്തിയത് കഴിഞ്ഞ ദിവസങ്ങളിലാണ്. വിവിധ മേഖലയിൽ ഇന്ത്യയുടെ ശക്തമായ നിലപാടിന്റെ പ്രതിഫലനമായിരുന്നു ഈ സന്ദർശനങ്ങൾ. കേന്ദ്ര സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലിനെ ചൈന തങ്ങളുടെ നാട്ടിലേക്ക് ചർച്ചയ്‌ക്കായി ക്ഷണിച്ചു. ഇന്ത്യയ്‌ക്കായി എന്തും നൽകാമെന്ന് റഷ്യയും പറഞ്ഞു. ഇപ്പോഴിതാ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറിലേർപ്പെട്ടിരിക്കുകയാണ് ഓസ്‌ട്രേലിയ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട് മോറിസണും തമ്മിൽ വെർച്വലായി ചേർന്ന യോഗത്തിലാണ് 282 മില്യൺ ഡോളറിന്റെ കരാറായത്. സാമ്പത്തിക സഹകരണത്തിനും വാണിജ്യ ബന്ധത്തിനും സഹകരിക്കുന്ന കരാർ ഒപ്പിടുന്ന ചടങ്ങിൽ കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലും ഓസ്ട്രേലിയൻ വാണിജ്യ മന്ത്രി ഡാൻ ടെഹാനും പങ്കെടുത്തു.
6000ത്തോളം മേഖലകളിലാണ് വാണിജ്യ കരാറിന്റെ ഫലം ലഭിക്കുക. ആഭരണം, തുണിത്തരങ്ങൾ, തുകൽ, ഫർണീച്ചർ, യന്ത്രസാമഗ്രികൾ തുടങ്ങിയവ കയറ്റുമതി ചെയ്യുന്നവർക്ക് വലിയ അവസരമാണ് കരാറിലൂടെ ഉണ്ടാകുന്നത്. 'കുറഞ്ഞ സമയത്തിനകം ഇത്ര പ്രധാനപ്പെട്ട കരാറിൽ സമവായമുണ്ടായത് ഇരു രാജ്യങ്ങളും തമ്മിലെ പരസ്‌പര വിശ്വാസത്തെ കാണിക്കുന്നു.' കരാർ ഒപ്പിടുന്ന വേദിയിൽ മോദി അഭിപ്രായപ്പെട്ടു. ഇന്തോ- പസഫിക് മേഖലയിലെ വിതരണ ശൃംഖലയിലെ പ്രതിരോധ ശേഷിയും സ്ഥിരതയും വർദ്ധിപ്പിക്കാൻ കരാറിലൂടെ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഈ സ്വതന്ത്ര വാണിജ്യ കരാർ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലെ ബന്ധം കൂടുതൽ ആഴത്തിലുളളതാക്കാൻ സഹായിക്കുമെന്ന് സ്‌കോട് മോറിസൺ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ ഈ കരാർ കൊണ്ട് വരുന്ന അഞ്ച് വർഷത്തിനകം ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് പീയൂഷ് ഗോയൽ പറഞ്ഞു. യോഗാദ്ധ്യാപകർക്കും ഷെഫുമാർക്കും നല്ല കാലമാണ് വരികയെന്നും വിദ്യാഭ്യാസ മേഖലയിലടക്കം സഹകരണം പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓസ്‌ട്രേലിയ ഇന്ത്യയിൽ നിന്നുളള കയറ്റുമതിയ്‌ക്ക് 96.4 ശതമാനം സൗജന്യ ഡ്യൂട്ടിയാണ് ഏർപ്പെടുത്തുന്നത്.
രാജ്യത്തെ കയറ്റുമതി 2021ൽ 6.9 ബില്യൺ ഡോളറായിരുന്നു. ഇറക്കുമതിയാകട്ടെ 15.1 ബില്യൺ ഡോളറും. ഓസ്‌ട്രിലേയയിലേക്കുളള പ്രധാന കയറ്റുമതി പെട്രോളിയം ഉൽപ്പന്നങ്ങൾ, തുണിത്തരങ്ങൾ, വസ്‌ത്രങ്ങൾ, തുകൽ, രാസവസ്‌തുക്കൾ, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവയാണ്. അതേസമയം ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് അസംസ്‌കൃത വസ്‌തുക്കൾ, കൽക്കരി, ധാതുക്കൾ ഇവയൊക്കെയാണ്.