ഇസ്ലാമബാദ്: പാക് ജനറൽ അസംബ്ളിയിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് ഇന്നു തന്നെ നടന്നേക്കുമെന്ന സൂചനയ്ക്കിടെ ഇമ്രാനെ പൂർണമായും കൈവിട്ട സൈന്യം അമേരിക്കയുമായും മറ്റ് പാശ്ചാത്യ ശക്തികളുമായും അടുപ്പം പ്രഖ്യാപിച്ചു.
ഇതിന്റെ വ്യക്തമായ സൂചനയാണ് ഇന്നലെ ഇസ്ലാമബാദ് സെക്യൂരിറ്റി കോൺഫറൻസിൽ പാക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ നടത്തിയ പ്രസംഗം. അമേരിക്കയെയും ബ്രിട്ടനെയും യൂറോപ്യൻ യൂണിയനെയും ചൊടിപ്പിച്ച ഇമ്രാൻ ഖാന്റെ വിദേശനയം തിരുത്തുമെന്നാണ് ബജ്‌വ സൂചിപ്പിച്ചത്. അമേരിക്കയെ തണുപ്പിക്കാൻ യുക്രെയിനിലെ റഷ്യൻ ആക്രമണത്തെ ബജ്‌വ വിമർശിച്ചു. കാശ്‌മീർ ഉൾപ്പെടെ ഇന്ത്യയുമായുള്ള എല്ലാ തർക്കങ്ങളും ചർച്ചയിലൂടെ പരിഹരിക്കണമെന്നും ബജ്‌വ പറഞ്ഞു.
അതേസമയം, ദേശീയ അസംബ്ലിയിൽ ഭൂരിപക്ഷം ഉറപ്പാക്കിയ പ്രതിപക്ഷം, ഇമ്രാനെ പുറത്താക്കാമെന്ന ആത്മവിശ്വാസത്തിലാണ്. അവിശ്വാസ വോട്ടെടുപ്പിൽ ഇമ്രാൻ പരാജയപ്പെടുന്നതോടെ പാകിസ്ഥാന്റെ രാഷ്‌ട്രീയ ചരിത്രത്തിൽ പുതിയൊരു തുടക്കമാവും.
ഇന്ന് പാർലമെന്റിന് മുന്നിൽ ഒരു ലക്ഷം അനുയായികളുടെ പ്രകടനത്തിന് ആഹ്വാനം നൽകിയിരിക്കയാണ് ഇമ്രാൻ. പ്രതിപക്ഷം വിദേശ ശക്തികൾക്കായി തന്നെ ബലിയാടാക്കിയെന്ന് വരുത്താനാണ് ശ്രമം. അവിശ്വാസ വോട്ടെടുപ്പിൽ പുറത്തായാലും ഭരണഘടനയുടെ 94ാം വകുപ്പ് പ്രകാരം, പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കും വരെ തുടരാൻ പ്രസിഡന്റിന് ആവശ്യപ്പെടാം. പുതിയ നേതാവിനെ എത്ര നാളുകൾക്കുള്ളിൽ തിരഞ്ഞെടുക്കണമെന്ന് ഭരണഘടനയിൽ പറയുന്നില്ല. ഈ കാലയളവിൽ ഇമ്രാന് പ്രധാനമന്ത്രിയായി തുടരാമെന്ന് പാക് ആഭ്യന്തര മന്ത്രി ഷെയ്‌ക്ക് റഷീദ് പറയുന്നു.
ഇമ്രാനെ പുറത്താക്കാൻ
വിദേശ ഗൂഢാലോചന ?
റഷ്യ യുക്രെയിനെ ആക്രമിച്ച ദിവസം ഇമ്രാൻ മോസ്കോയിൽ പ്രസിഡന്റ് പുട്ടിനുമായി ചർച്ച നടത്തിയത് പാശ്ചാത്യ ശക്തികളെ പ്രകോപിപ്പിച്ചിരുന്നു. റഷ്യാവിരുദ്ധ പ്രസ്താവന ഇറക്കണമെന്നാവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ അംബാസഡർമാർ അയച്ച കത്തിനെയും ഇമ്രാൻ പരസ്യമായി വിമർശിച്ചു. തന്നെ പുറത്താക്കാനുള്ള ഗൂഢാലോചനയിൽ അമേരിക്കയ്‌ക്ക് പങ്കുണ്ടെന്ന ഇമ്രാന്റെ പരസ്യമായ ആരോപണവും അമേരിക്കയെ അരിശം കൊള്ളിച്ചു. ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റശേഷം രാഷ്‌ട്ര നേതാക്കളെ വിളിച്ച കൂട്ടത്തിൽ ഇമ്രാനെ വിളിച്ചിരുന്നില്ല.
#ഭൂരിപക്ഷം പ്രതിപക്ഷത്തിന്
342
ദേശീയ അസംബ്ലി
മൊത്തം അംഗബലം
172 വോട്ട് മതി
അവിശ്വാസം
പാസാവാൻ
7 എം. ക്യൂ. എം - പി
അംഗങ്ങൾ കൂറുമാറി
പ്രതിപക്ഷത്തേക്ക്
177 അംഗങ്ങൾ
ഇതോടെ
പ്രതിപക്ഷത്തായി
164
ഇമ്രാന്റെ പാർട്ടി
അംഗബലം
24 വിമതർ
ഇമ്രാന് എതിരെ
വോട്ടുചെയ്യും
................................................
വ്യവസ്ഥിതി (സൈന്യം) എനിക്ക് മൂന്ന് സാദ്ധ്യതകളാണ് തന്നിട്ടുള്ളത്. അവിശ്വാസ വോട്ടെടുപ്പിനെ നേരിടുക, നേരത്തേ തിരഞ്ഞെടുപ്പ് നടത്തുക, പ്രധാനമന്ത്രി സ്ഥാനം രാജിവയ്‌ക്കുക. ഇപ്പോൾ എന്റെ ജീവനും അപകടത്തിലാണ്. വിദേശ ശക്തികളുടെ കളിപ്പാവയായ പ്രതിപക്ഷത്തിന് എന്നെ വ്യക്തിഹത്യ നടത്താനും പദ്ധതിയുണ്ട്.
-- ഇമ്രാൻ ഖാൻ