
വത്തിക്കാൻ: റഷ്യൻ അധിനിവേശത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന യുക്രെയിന് സമാധാനം പകരാൻ ഫ്രാൻസിസ് മാർപ്പാപ്പ എത്തും. യുക്രെയിൻ സന്ദർശനം പരിഗണനയിലാണെന്ന് മാർപ്പാപ്പ അറിയിച്ചു.
രാജ്യം സന്ദർശിക്കാനായി മത, രാഷ്‌ട്രീയ നേതാക്കൾ നേരത്തെ തന്നെ മാർപ്പാപ്പയെ ക്ഷണിച്ചിരുന്നു. ഇതേ തുടർന്നാണ് ക്ഷണം സ്വീകരിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചത്. എന്നാൽ യാത്ര എപ്പോഴാണെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.
മുൻപ് യുക്രെയിന് ഒപ്പമാണെന്ന തരത്തിലുള്ള പ്രസ്താവനകൾ മാർപ്പാപ്പ നടത്തിയിട്ടുണ്ട്. യുക്രെയിൻ യുദ്ധത്താൽ തകർന്നുകൊണ്ടിരിക്കുകയാണ്. യുക്രെയ്‌നിൽ രക്തത്തിന്റെയും കണ്ണീരിന്റെയും നദികൾ ഒഴുകുന്നു എന്നും മാർപ്പാപ്പ പറഞ്ഞിരുന്നു.
റഷ്യയുടെ പേരെടുത്ത് പറയാതെയായിരുന്നു മാർപ്പാപ്പ പലപ്പോഴും യുദ്ധത്തെ അപലപിച്ചിരുന്നത്. റഷ്യൻ അധിനിവേശം കനത്ത നാശനഷ്ടം വിതച്ച് മുന്നോട്ട് പോകുമ്പോൾ, മാർപ്പാപ്പ രാജ്യം സന്ദർശിക്കുമെന്നുള്ള പ്രസ്താവന വലിയ പ്രതീക്ഷയാണ് യുക്രെയിൻ ജനതയ്ക്ക് നൽകുന്നത്.