will-smith

ലോസാഞ്ചലസ്: ഓസ്‌കാർ വേദിയിലെ കരണത്തടി മോശമായെന്ന് ബോദ്ധ്യപ്പെട്ട ഹോളിവുഡ് താരം വിൽ സ്‌മിത്ത് അക്കാഡമി ഒഫ് മോഷൻ പിക്ചർ,​ ആർട്സ് ആൻഡ് സയൻസസിൽ നിന്ന് രാജിവച്ചു . ഭാര്യ ജെയ്ഡയെ പരിഹസിച്ചതിന് ഓസ്‌കാർ വേദിയിൽ അവതാരകൻ ക്രിസ് റോക്കിന്റെ മുഖത്തടിച്ചതിൽ ക്ഷമാപണം നടത്തിയാണ് താരത്തിന്റെ രാജി. തന്റെ പെരുമാറ്റം മാപ്പർഹിക്കാത്തതാണ്. എന്ത് ശിക്ഷയും സ്വീകരിക്കാമെന്നും വിൽ സ്മിത്ത് വ്യക്തമാക്കി. രാജി സ്വീകരിച്ചതായി അക്കാഡമി പ്രസിഡന്റ് അറിയിച്ചു.

വിൽ സ്മിത്തിനെതിരെയുള്ള അച്ചടക്ക നടപടികൾ അക്കാഡമിയുടെ ബോർഡ് ഒഫ് ഗവർണേഴ്സ് ആരംഭിച്ചിട്ടുണ്ട്. നടപടി തീരുമാനിക്കാനുള്ള യോഗം ഏപ്രിൽ 18ന് ചേരും. നടനെ വിലക്കാനോ പുരസ്കാരം തിരിച്ചെടുക്കാനോ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. അകാരണമായി തലമുടി കൊഴിയുന്ന അലോപേഷ്യ എന്ന രോഗം നേരിടുന്ന ജെയ്ഡയുടെ രൂപത്തെ പരിഹസിച്ചതിനാണ് ക്രിസിനെ വിൽ സ്മിത്ത് സ്റ്റേജിൽ കയറി അടിച്ചത്.

പിന്നീട് അക്കാഡമിയോടും ക്രിസിനോടും സ്മിത്ത് മാപ്പ് പറഞ്ഞിരുന്നു. ' കിംഗ് റിച്ചാർഡ് " എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം സ്വീകരിച്ച ശേഷം വിൽ സ്മിത്ത് അക്കാഡമിയോട് വികാരഭരിതനായി ക്ഷമാപണം നടത്തിയിരുന്നു. ക്രിസ് റോക്കിനോട് പരസ്യമായി ക്ഷമ ചോദിക്കുന്നതായി വിൽ സ്മിത്ത് ഇൻസ്റ്റഗ്രാമിലും കുറിച്ചു.