തിരുവനന്തപുരം: വികസന വിരോധം സ്വന്തം ഇനീഷ്യലായി കൊണ്ടു നടക്കുന്ന വികസനം മുടക്കിയാണ് കേന്ദ്രമന്ത്രി വി.മുരളീധരനെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കേന്ദ്രമന്ത്രിയായ വി.മുരളീധരൻ സംസ്ഥാനത്ത് എത്തുമ്പോൾ നൽകേണ്ട എല്ലാ പരിഗണനകളും സംസ്ഥാന സർക്കാർ നൽകുന്നുണ്ട്. സംസ്ഥാന സർക്കാർ നൽകുന്ന പൈലറ്റും വാഹനവും ഉപയോഗിച്ച് കേരളത്തിന്റെ വികസന പദ്ധതികളെ അട്ടിമറിക്കാൻ വി.മുരളീധരൻ ശ്രമിക്കരുത്. കേന്ദ്രമന്ത്രിയായശേഷം ഒരു മൊട്ടുസൂചിയുടെ വികസനം പോലും കേരളത്തിൽ മുരളീധരൻ നടപ്പിലാക്കിയിട്ടില്ലെന്ന് ശിവൻകുട്ടി ആരോപിച്ചു.
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുഴിയിൽ ചാടിക്കാനാണ് വി.മുരളീധരനും ബി.ജെ.പിയും ശ്രമിക്കുന്നത്. നാടിന്റെ വികസന പദ്ധതികളെ തുരങ്കം വയ്ക്കുന്നവരെ ജനം തിരിച്ചറിയും. ഇന്ന് കണ്ടത് അതിന്റെ തുടക്കമാണ്. വരും നാളുകളിൽ വീടുകൾ കയറിയിറങ്ങി നുണ പ്രചരിപ്പിക്കാനാണ് മുരളീധരന്റെ ശ്രമമെങ്കിൽ കൂടുതൽ പ്രതികരണങ്ങൾ വന്നാൽ അത്ഭുതമില്ലെന്ന് മന്ത്രി ശിവൻകുട്ടി അഭിപ്രായപ്പെട്ടു.