kk

ലണ്ടന്‍: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ കൊവിഡ് കേസുകൾ കുറഞ്ഞുവരുന്നെന്ന വാർത്തകൾക്കിടയിൽ ലോകത്തിന് ആശങ്കയായി വീണ്ടും കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ എക്‌സ്ഇ വേരിയന്റാണ് കണ്ടെത്തിയത്. ബ്രിട്ടനിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ ലോകത്ത് പടരുന്ന ഒമൈക്രോണ്‍ ബിഎ 2 ഉപവകഭേദത്തേക്കാള്‍ പത്തുശതമാനം കൂടുതല്‍ വ്യാപനശേഷിയുള്ളതാണ് പുതിയ വേരിയന്റ് എന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

ഒമിക്രോണ്‍ ബി.എ1, ബി.എ2 വകഭേദങ്ങളുടെ ഹൈബ്രിഡ് സമന്വയമാണ് എക്‌സ്.ഇ എന്നാണ് ഡബ്ലിയു.എച്ച്.ഒയുടെ വിലയിരുത്തല്‍. ജനുവരി 19 നാണ് എക്‌സ് ഇ വകഭേദം ബാധിച്ച കേസ് ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. . ബി.എ 2 വകഭേദത്തെ അപേക്ഷിച്ച് 10 മടങ്ങ് കമ്മ്യൂണിറ്റി വളര്‍ച്ചാ നിരക്ക് പുതിയ വകഭേദത്തിന് ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇതുവരെ, ഒമിക്രോണിന്റെ ബി.എ .2 സബ് വേരിയന്റാണ് ഏറ്റവും വ്യാപനശേഷിയുള്ള കോവിഡ് വകഭേദമായി കണക്കാക്കപ്പെട്ടിരുന്നത്.

ചൈന,​ ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുൾപ്പെടെ ലോകത്ത് കൊവിഡിന്റെ ബി.എ2 വകഭേദം വ്യാപകമായി പടര്‍ന്നുകൊണ്ടിരിക്കെയാണ് പുതിയ വേരിയന്റിനെ കണ്ടെത്തുന്നത്. ബ്രിട്ടീഷ് ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ പഠനപ്രകാരം എക്‌സ്‌ഡി , എക്‌സ്ഇ, എക്‌സ് എഫ് എന്നീ മൂന്ന് പുതിയ ഉപവകഭേദങ്ങളാണ് ലോകത്ത് പടര്‍ന്നുകൊണ്ടിരിക്കുന്നത്.