used-car

ന്യൂഡൽഹി: വാഹനങ്ങൾ പ്രത്യേകിച്ച് കാറുകൾ വാങ്ങുമ്പോൾ റീസെയിൽ വാല്യു കൂടി നോക്കി വാങ്ങുന്നവരാണ് അധികവും. ഒരു വാഹനം സെക്കൻഡ് ഹാൻഡായി മറിച്ചു വിൽക്കുമ്പോൾ ലഭിക്കുന്ന വിലയെയാണ് റീസെയിൽ വാല്യു എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ ഇന്ത്യയിൽ മാരുതി ഒഴികെയുള്ള മറ്റ് ബ്രാൻഡുകളുടെ വാഹനങ്ങൾക്ക് കാര്യമായ റീസെയിൽ വാല്യു ഇല്ലെന്നത് യാഥാർത്ഥ്യമാണ്. എന്നാൽ പത്ത് വർഷം പഴക്കമുള്ള ഡീകമ്മീഷൻ ചെയ്ത എൻജിനുള്ള ഫിയറ്റ് കാറിന് വരെ കോടികൾ ലഭിക്കുന്ന സ്ഥലത്തെ കുറിച്ച് അറിയുമോ? മറ്റെങ്ങുമല്ല, നമ്മുടെ അയൽരാജ്യമായ ശ്രീലങ്കയിലാണ് ഈ അവസ്ഥ.

ശ്രീലങ്കയിൽ നിലവിൽ നടക്കുന്ന രാഷ്ട്രീയ സംഭവങ്ങളുമായോ സാമ്പത്തിക പ്രതിസന്ധിയുമായോ ഇതിന് പരോക്ഷബന്ധം കൂടിയുണ്ട്. വർഷങ്ങളായി സെക്കൻ‌ഡ് ഹാൻഡ് വാഹനങ്ങൾക്ക് ഇവിടെ നല്ല വില ലഭിക്കുന്ന അവസ്ഥയാണ്, ഇന്ത്യയിൽ നിന്നുള്ളവയാണെന്ന് കൂടി പറഞ്ഞാൽ ഡിമാൻഡ് കുറച്ചു കൂടി ഉയരും. വർഷങ്ങളായി ശ്രീലങ്കയിലെ ഓട്ടോമൊബൈൽ മേഖല ജീർണാവസ്ഥയിലാണ്. ലോകത്തെ ഒരു വാഹന നിർമാണ കമ്പനിയും ശ്രീലങ്കയിൽ വാഹനം നിർമിക്കുന്നില്ല. ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളായിരുന്നു ഇത്രയും കാലം ശ്രീലങ്കയിൽ ഉപയോഗിച്ചിരുന്നത്. എന്നാൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ അവശ്യവസ്തുക്കൾ ഒഴിച്ചുള്ള എല്ലാ വസ്തുക്കളുടെയും ഇറക്കുമതിക്ക് ശ്രീലങ്കയിലെ രജപക്സെ സർക്കാർ നിരോധനം ഏർപ്പെടുത്തി. ഇതോടെയാണ് ഇവിടത്തെ സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെ വില കുത്തനെ ഉയരുന്നത്.

നേരത്തെ പറഞ്ഞ പത്ത് വർഷം പഴക്കമുള്ള ഡീകമ്മീഷൻ ചെയ്ത ഫിയറ്റ് കാർ ഇന്ത്യയിൽ തുരുമ്പു വിലയ്ക്ക് വിൽക്കാനാണ് സാദ്ധ്യത, എന്നാൽ ശ്രീലങ്കയിൽ അതേ വാഹനത്തിന് ഇട്ടിരിക്കുന്ന വില 6.17 കോടിയാണെന്നത് തന്നെ ഇവിടത്തെ സ്ഥിതി വ്യക്തമാക്കുന്നതാണ്. ടൊയോട്ടയുടെ അഞ്ച് വർഷം പഴക്കമുള്ള ഒരു ലാൻഡ് ക്രൂയിസറിന്റെ വില 2.34 കോടിയാണ്.

സെക്കൻഡ് ഹാൻഡ് ബൈക്കുകളുടെയും വില ഒട്ടും മോശമല്ല. വെറും 100 സി സി ബൈക്കുകൾക്ക് പോലും ലക്ഷങ്ങളാണ് ചോദിക്കുന്നത്. ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ ഇത്തരം ബൈക്കുകൾക്ക് ലഭിക്കുന്നത് പരമാവധി ഇരുപതിനായിരം രൂപയാണ്. അതും വാഹനം അത്ര മികച്ച കണ്ടീഷനാണെങ്കിൽ മാത്രം. എന്നാൽ നിലവിലെ സാഹചര്യങ്ങളിൽ സെക്കൻഡ് ഹാൻഡ് വാഹനങ്ങൾക്കുള്ള ഈ ഡിമാൻഡ് എത്രത്തോളം ഉണ്ടാകുമെന്ന് കണ്ടറിയണം. ശ്രീലങ്ക വൻ സാമ്പത്തിക ബാദ്ധ്യതയിലേക്ക് കൂപ്പുക്കുത്തുകയും അവശ്യവസ്തുക്കൾക്ക് പോലും ഭീമമായ വില നൽകേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തിൽ വാഹനങ്ങൾക്കു വേണ്ടി ഇനിയും ഇത്ര വലിയ തുക മുടക്കാൻ ഇവർ എത്രത്തോളം തയ്യാറാകുമെന്ന് കണ്ടറിയണം.