ചെന്നൈ നഗരത്തിലെ ഒരു മാളിൽ ജനങ്ങളെ ബന്ദികളാക്കി തീവ്രവാദികൾ. എന്നാൽ അവർ ബന്ദികളാക്കിയവർക്കിടയിൽ സ്‌പൈ ഏജന്റ് വീരരാഘവനുമുണ്ടായിരുന്നുവെന്ന് തീവ്രവാദികളറിയുന്നില്ല. തുടർന്ന് വീരരാഘവൻ ജനങ്ങളെ രക്ഷിക്കുന്ന അതിഗംഭീര സംഘട്ടന രംഗങ്ങളും ഫൈറ്റർ പ്ളെയിൻ ഫൈറ്റും. വിജയ് നായകനാകുന്ന 'ബീസ്‌റ്റ്' എന്ന ചിത്രത്തിലെ ട്രെയിലറിലുളളത് ആരാധകരെ കോരിത്തരിപ്പിക്കുന്ന ഈ രംഗങ്ങൾ. വെറും ഒരു മണിക്കൂർ കൊണ്ട് 37 ലക്ഷത്തോളം പേരാണ് ട്രെയിലർ കണ്ടത്.

നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്‌ത ചിത്രത്തിന്റെ നിർമ്മാണം സൺ പിക്‌ചേഴ്‌സാണ്. വിജയെക്കൂടാതെ പൂജാ ഹെഗ്ഡെ, സെൽവ രാഘവൻ, യോഗി ബാബു, റെഡിൻ കിംഗ്‌സ്‌ലി, ജോൺ സുറാവോ എന്നിവർക്ക് പുറമെ മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോ, അപർണ ദാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീത സംവിധാനം.