rr

മുംബയ്: ഇക്കൊല്ലത്തെ ഐ പി എല്ലിൽ ഇതുവരെ പൂർത്തിയായ ഒൻപത് മത്സരങ്ങളിൽ ഏഴും വിജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ്. ആദ്യം ബാറ്റ് ചെയ്ത ടീം ജയിച്ചത് രണ്ട് മത്സരങ്ങൾ മാത്രം. അത് രണ്ടും ജയിച്ചത് മലയാളി താരം സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസാണ്. തങ്ങളുടെ ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 61 റണ്ണിന് പരാജപ്പെടുത്തിയ രാജസ്ഥാൻ റോയൽസ്, ഇന്ന് മുംബയിലെ ഡി വൈ പട്ടേൽ സ്റ്റേഡിയത്തിൽ നടന്ന തങ്ങളുടെ രണ്ടാമത്തെ മത്സരത്തിൽ മുംബയ് ഇന്ത്യൻസിനെ 23 റൺസിനാണ് കെട്ടുകെട്ടിച്ചത്.

ആദ്യ കളിയിൽ ക്യാപ്ടൻ സഞ്ജു സാംസണിന്റെ മികച്ച ബാറ്റിംഗാണ് രാജസ്ഥാന് തുണയായതെങ്കിൽ ഇന്ന് ഓപ്പണർ ജോസ് ബട്ട്ലറിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് രാജസ്ഥാനെ തുണച്ചത്. ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത മുംബയ് ഇന്ത്യൻസിനെതിരെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 193 റണ്ണെടുത്തു. മറുപടി ബാറ്റിംഗിൽ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 170 റണ്ണെടുക്കാനെ മുംബയ്ക്ക് സാധിച്ചുള്ളൂ. 68 പന്തിൽ 100 റണ്ണെടുത്ത ഓപ്പണർ ജോസ് ബട്ട്ലറിന് മികച്ച പിന്തുണ നൽകിയ സഞ്ജു സാംസണും (21 പന്തിൽ 30) ഷിമ്രോൺ ഹെറ്റമെയറും (14 പന്തിൽ 35) ചേർന്നാണ് രാജസ്ഥാന് മികച്ച സ്കോർ നൽകിയത്. രാജസ്ഥാൻ നിരയിൽ വേറെയാരും രണ്ടക്കം കണ്ടില്ല. ജസ്പ്രീത് ബുമ്രയും ടൈമൽ മിൽസും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോൾ പൊള്ളാർഡ് ഒരു വിക്കറ്റ് വീഴ്ത്തി. ഒരു ഓവർ മാത്രം എറിഞ്ഞ മുംബയ് ഇന്ത്യൻസിന്റെ മലയാളി താരം ബേസിൽ തമ്പിക്കാണ് കൂട്ടത്തിൽ ഏറ്രവും കൂടുതൽ അടി കിട്ടിയത്. ബേസിൽ എറിഞ്ഞ നാലാമത്തെ ഓവറിൽ 26 റൺസാണ് ബട്ട്ലർ അടിച്ചുകൂട്ടിയത്. മൂന്ന് സിക്സും രണ്ട് ഫോറുകളുമാണ് ബേസിൽ ഓവറിൽ വഴങ്ങിയത്.

മറുപടി ബാറ്റിംഗിൽ മുംബയ്ക്ക് വേണ്ടി ഓപ്പണർ ഇഷാൻ കിഷനും (43 പന്തിൽ 54) തിലക് വർമ്മയും (33 പന്തിൽ 61) തിളങ്ങി. എന്നാൽ വേണ്ട സമയത്ത് റൺറേറ്റ് ഉയർത്താൻ കഴിയാതെ പോയതാണ് മുംബൈക്ക് തിരിച്ചടിയായത്. രാജസ്ഥാന് വേണ്ടി നവ്ദീപ് സൈനിയും യുസ്വേന്ദ ചഹാലും രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ട്രെന്റ് ബോൾട്ട്, പ്രസീദ് കൃഷ്ണ, അശ്വിൻ എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി. രാജസ്ഥാന്റെ രണ്ടാമത്തെ വിജയമാണിത്.